പാലക്കാട് റെയ്ഡ്: സിപിഐഎം പരാതിയില്‍ അന്വേഷണം ആരംഭിച്ചു; ചുമതല സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക്
പാലക്കാട്: കൊടകര കുഴല്‍പ്പണത്തിന്റെ പങ്ക് പാലക്കാട്ടേക്ക് എത്തിയിട്ടുണ്ടെന്ന സിപിഐഎമ്മിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടി. അന്വേഷണം ഇല്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും റൂറല്‍ എസ്പി ആര് ആനന്ദ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയെന്നും അദ്ദേഹം അറിയിച്ചു.
‘കൊടകര കുഴല്‍പ്പണത്തിന്റെ ഒരു പങ്ക് പാലക്കാട്ടേക്ക് എത്തിയിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസ് കെപിഎം റീജന്‍സിയില്‍ എത്തിച്ചത്. ഈ വിഷയത്തില്‍ പൊലീസ് പ്രത്യേകം കേസെടുക്കണം’ എന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് പൊലീസിന് പാര്‍ട്ടി കത്ത് കൈമാറിയത്. പരിശോധന നടത്തിയ കെപിഎം റീജന്‍സി നേരത്തെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. റെയ്ഡിനിടെ സിപിഐഎം-ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായെന്നും ഹോട്ടലിന് ഇതുമൂലം നാശനഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കെപിഎം പരാതി നല്‍കിയത്.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കോണ്‍ഗ്രസ് നേതാക്കളടക്കം വിവിധ പാര്‍ട്ടി നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയത്. 12 മണിയോടെയായിരുന്നു പൊലീസിന്റെ റെയ്ഡ്. കള്ളപ്പണം എത്തിച്ചുവെന്ന വിവരത്തിന്റെ പിന്നാലെയായിരുന്നു പൊലീസിന്റെ പരിശോധന. 12 മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയത്. ആകെ 42 മുറികളാണ് ഹോട്ടലിലുള്ളത്. രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഹോട്ടല്‍ മാനേജ്മെന്റ് പരാതി നല്‍കിയിട്ടുണ്ട്. ഹോട്ടലില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നാണ് പരാതി.
പരിശോധനയില്‍ പൊലീസിന് ഒന്നും കണ്ടെത്താനായില്ല. ഒരുഘട്ടത്തില്‍ ഹോട്ടലില്‍ തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എന്നിവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. ആദ്യ ഘട്ടത്തില്‍ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാല്‍ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി