ക്ഷയ രോഗികളുടെ വർധന: 26 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോർട്ട്
കോവിഡിനെ മറികടന്ന് ഏറ്റവും മാരകമായ രോഗമായി ക്ഷയം മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന. 2023-ൽ ഏകദേശം 8.2 ദശലക്ഷം പേരിലാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. ആഗോള നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. 2022- ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 7.5 ദശലക്ഷം കേസുകളിൽ നിന്ന് ഇത് ഗണ്യമായ വർദ്ധനവ് അടയാളപ്പെടുത്തുന്നു. 2023-ൽ ടിബി കേസുകളിൽ 26% ഇന്ത്യയിലും, ഇന്തോനേഷ്യ (10%), ചൈന (6.8%), ഫിലിപ്പീൻസ് (6.8%), പാകിസ്ഥാൻ (6.3%) എന്നിങ്ങനെയാണ് കണക്കുകളെന്ന് ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ട്യൂബർകുലോസിസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ക്ഷയരോഗം ചികിത്സിക്കാനും പ്രതിരോധിക്കാനും ഫലപ്രദമായ മാർഗങ്ങൾ ഉണ്ടെങ്കിലും ഇത് കാരണം ധാരാളം ആളുകൾ മരണപ്പെടുന്നു എന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ റ്റെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. 2023-ൽ ഇന്ത്യയിൽ ഏകദേശം 2.55 ദശലക്ഷം പുതിയ ടിബി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1960-കളിൽ ടിബി നിയന്ത്രണ പരിപാടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കേസാണിത്.