സുരേഷ് ഗോപിയുടെ ഒറ്റ തന്ത പ്രയോഗം. മറുപടി വി ഡി സതീശന്‍ പറഞ്ഞാല്‍ മതിയെന്ന് എം വി ഗോവിന്ദന്‍; ഒറ്റ തന്ത പ്രയോഗം സിനിമയില്‍ പറ്റുമെന്ന് റിയാസ്
പാലക്കാട്: തന്തക്ക് പറയുമ്പോൾ അതിനുമപ്പുറമുള്ള തന്തയുടെ തന്തക്കാണ് പറയേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താൻ ഒന്നും പറയുന്നില്ല. ഇതിനുള്ള മറുപടി വി ഡി സതീശൻ പറഞ്ഞാൽ മതിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളോട് ആയിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
എം വി ഗോവിന്ദൻ പറഞ്ഞത്
കെ മുരളീധരൻ നിയമസഭയിൽ എത്തുന്നത് വിഡി സതീശന് ഇഷ്ടമല്ല. അതുകൊണ്ടാണ് പാലക്കാട്ടെ സ്ഥാനാർത്ഥിയായി യുഡിഎഫ് പരിഗണിക്കാതിരുന്നത്. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ നടക്കുന്നവർ നിരവധിയുണ്ട്. അഞ്ചോ ആറോ ആളുകളാണ് മുഖ്യമന്ത്രിയാകാൻ നടക്കുന്നത്. അതിൽ മുരളീധരനും ഉണ്ട്.
അതിനാലാണ് പാലക്കാട്ടെ ഡിസിസി ഏകകണ്ഠമായി മുരളീധരൻറെ പേര് നിർദേശിച്ചിട്ടും വിഡി സതീശൻ തള്ളിക്കളഞ്ഞത്. പാലക്കാട് സിപിഎമ്മും യുഡിഎഫും തമ്മിലാണ് മത്സരം. ഇ ശ്രീധരന് കിട്ടിയ വോട്ട് പോലും ഇത്തവണ ബിജെപിക്ക് കിട്ടില്ല. കല്പാത്തി രഥോത്സവം കലങ്ങാൻ അനുവദിക്കില്ല. ചേലക്കരയിൽ സിഐടിയുക്കാരൻ അപരൻ ആയതിനെക്കുറിച്ച് അറിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസും ഉണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സുരേഷ് ഗോപിയുടെ ഒറ്റ തന്ത പ്രയോഗത്തിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. ഒറ്റ തന്ത പ്രയോഗം സിനിമയിൽ പറ്റുമെന്നാണ് മന്ത്രിയുടെ മറുപടി.
മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്
യു ഡി എഫ് പതിവു പോലെ സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജർ ആവുകയാണ്. സിബിഐക്ക് വിശേഷണം കൂട്ടിൽ അടച്ച തത്ത എന്നാണ്. രാഷ്രീയത്തിൽ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ല. അത് സിനിമയിൽ പറ്റും. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസും ഉണ്ട്. കോൺഗ്രസ് എന്ന തന്ത കൂടി ഉണ്ട്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡിഎൻഎ ടെസ്റ്റ് ഫലം പുറത്ത് വിട്ടോ. അപ്പോൾ അറിയാം കാര്യങ്ങളെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.