ലോറൻസ് ബിഷ്ണോയിക്ക് നിയമസഭാ സീറ്റ് വാഗ്‌ദാനം ചെയ്‌ത്‌ ഉത്തർ ഭാരതീയ വികാസ് സേന; ജയിലിലേക്ക് കത്തയച്ചു

ലോറൻസ് ബിഷ്ണോയിക്ക് നിയമസഭാ സീറ്റ് വാഗ്‌ദാനം ചെയ്‌ത്‌ ഉത്തർ ഭാരതീയ വികാസ് സേന; ജയിലിലേക്ക് കത്തയച്ചു

ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിക്ക് മഹാരാഷ്ട്ര നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഉത്തര്‍ ഭാരതീയ വികാസ് സേന. അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ നിലവില്‍ ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്ന ബിഷ്‌ണോയിക്ക് പാര്‍ട്ടി നേതൃത്വം കത്ത് അയച്ചു. മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

ബിഷ്‌ണോയിയെ ഭഗത് സിങ്ങിനോട് ഉപമിച്ചുകൊണ്ടാണ് പാര്‍ട്ടി ക്ഷണം നല്‍കിയിരിക്കുന്നത്. എന്നാല്‍, സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലാത്ത പാര്‍ട്ടിയുടെ ഈ നീക്കം വാര്‍ത്താപ്രാധാന്യം കിട്ടാനുള്ള നാടകമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് ഇക്കാര്യം അന്വേഷിക്കുകയാണ്.ഗുണ്ടാത്തലവനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന രീതിയിലുള്ള വിമര്‍ശങ്ങളും പാര്‍ട്ടി നേരിടുന്നുണ്ട്.

എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ വധവുമായി ബന്ധപ്പെട്ട് ബിഷ്‌ണോയി സംഘത്തിലെ നിരവധി പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഇതിനിടെ, ബിഷ്‌ണോയിയെ വധിക്കുന്ന പൊലീസുകാര്‍ക്ക് 1.11 കോടി രൂപ വാഗ്ദാനം ചെയ്ത് രാജസ്ഥാന്‍ ആസ്ഥാനമായുള്ള ക്ഷത്രിയ കര്‍ണിസേന രംഗത്തെത്തിയിരിക്കുന്നു. കൊലപ്പെടുത്തുന്ന പൊലീസുകാരുടെ കുടുംബത്തിനു സംരക്ഷണം ഒരുക്കുന്നതിനാണു തുകയെന്നാണ് അവര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കര്‍ണിസേനയുടെ നേതാവ് സുഖ്‌ദേവ് സിങ്ങിനെ ബിഷ്‌ണോയി സംഘം കൊലപ്പെടുത്തിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )