പാലക്കാട് കോൺഗ്രസിന് തിരിച്ചടി; പുറത്താക്കിയ എ കെ ഷാനിബ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും
പാലക്കാട്: പാലക്കാട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെ പാർട്ടി നിന്ന് പുറത്താക്കിയ എ കെ ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയാകും. യൂത്ത് കോൺ. മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷാനിബ്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ആണ് എ കെ ഷാനിബ് രംഗത്തെത്തിയത്. പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എ കെ ഷാനിബിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. വൈകാരികമായായിരുന്നു എ കെ ഷാനിബിന്റെ പടിയിറക്കം.
സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വം കൂടിയാലോചനകൾ നടത്തില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പിൽ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു ഷാനിബ് ഉയർത്തിയത്. പാലക്കാട് ഡിസിസി നേതൃത്വമാണ് എ കെ ഷാനിബിനെതിരെ നടപടി എടുത്തത്. പാർട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളിൽ സഹികെട്ടാണ് പാർട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചിരുന്നു. അതിവൈകാരികമായിട്ടായിരുന്നു ഷാനിബിന്റെ പാർട്ടിയിൽ നിന്നുള്ള പടിയിറക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തിൽ പാർട്ടിയിൽ നടക്കുന്നതെന്നും ഷാനിബ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.
വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തില്‍ സരിൻ പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണെന്നും ഷാനിബ് പറഞ്ഞിരുന്നു. ഇങ്ങനെ പോയാൽ കേരളത്തിൽ പാർട്ടിയുടെ അവസ്ഥ പരിതാപകരമാവും. തുടർച്ചയായി പ്രതിപക്ഷത്തിരുന്നിട്ടും തിരുത്താൻ പാർട്ടി തയ്യാറായില്ലെന്നും ഷാനിബ് വിമർശിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഷാനിബിന് പിന്തുണയറിയിച്ച് കോൺഗ്രസ് പ്രാദേശിക നേതാവായിരുന്ന വിമൽ പി ജി രാജി പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റായിരുന്നു വിമൽ. മറ്റു രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം എടുക്കില്ലെന്നും വിമൽ പറഞ്ഞിരുന്നു.