തൂണേരി ഷിബിന്‍ വധക്കേസ്; ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ
കൊച്ചി: തൂണേരി ഷിബിന്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്കും, 15,16 പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരോ ലക്ഷം വീതം പ്രതികള്‍ അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക ഷിബിന്റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് വിധി.
വിദേശത്തായിരുന്ന പ്രതികള്‍ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പേര് ദുബായില്‍ നിന്നുമാണ് എത്തിയത്.
വിചാരണ കോടതി വെറുതെ വിട്ട ഏഴ് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നാദാപുരം പൊലീസ് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ മുസ്ലിംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 2015 ജനുവരി 22നായിരുന്നു സംഭവം.