ആരാധകന്റെ ക്രൂര കൊലപതാകം: നടൻ ദർശന്റെയും പവിത്രയുടെയും ജാമ്യാപേക്ഷ തള്ളി
ബെംഗളൂരു: ക്രൂരമായി ആരാധകനെ കൊലപ്പെടുത്തിയ കേസിൽ നടൻ ദർശൻ തൊഗുദീപയുടെയും കൂട്ടുപ്രതിയും നടിയുമായ പവിത്ര ഗൗഡയുടെയും ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ ജൂൺ 8ന് തലയ്ക്കടിച്ചു കൊലപ്പെടുത്തി ബെംഗളൂരു കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിലാണ് ഇരുവരും ജയിൽ കിടക്കുന്നത്.
രേണുകാസ്വാമിയുടെ കൊലപതാകത്തിൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് തന്റെ സാന്നിധ്യമോ പങ്കാളിത്തമോ തെളിയിക്കാനുള്ളതൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ദർശൻ വാദിച്ചു. എന്നാൽ നടന്റെ ചെരുപ്പിൽനിന്ന് രേണുകസ്വാമിയുടെ രക്തക്കറ കണ്ടെത്തിയതു പോലുള്ള സാങ്കേതിക തെളിവുകളും ദൃക്സാക്ഷി മൊഴികളുമുണ്ടെന്ന് പൊലീസ് വാദിച്ചതോടെ കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
പവിത്ര ഗൗഡയാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി ദർശൻ നിലവിൽ ബെള്ളാരി ജയിലിലാണുള്ളത്. സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത് ഉടൻ ഹൈക്കോടതിയെ സമീപിച്ചേക്കും.