
പോലീസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; ദുരൂഹത ഏറുന്നു
കൊല്ലം: കൊല്ലം ചിതറയിൽ പൊലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിൽ സഹകരിക്കാതെ പ്രതി. ചോദ്യം ചെയ്യലിൽ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് വിവരം. ‘ജിന്ന്’ ആണ് കൊല നടത്തിയതെന്നാണ് പ്രതിയായ സഹദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ചോദ്യം ചെയ്യാനായി വിളിക്കുമ്പോഴെല്ലാം ‘എനിക്ക് ഉറങ്ങണ ‘മെന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ് പ്രതി.
പോലീസുകാരനായ നിലമേൽ വളയിടം സ്വദേശി ഇർഷാദിനെ (28)യാണ് സുഹൃത്ത് കഴുത്തറുത്ത് കൊന്നത്. ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലായിരുന്നു സംഭവം. സഹദിനെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇർഷാദിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. കൊലപാതകത്തിലോ തെളിവ് നശിപ്പിക്കുന്നതിലോ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. കൃത്യം ചെയ്യാനായി ഉപയോഗിച്ച കത്തി വീടിന്റെ സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത് പൊലീസ് നായയുടെ സഹായത്താലാണ് കണ്ടെത്തിയത്.
മികച്ച കായിക താരം കൂടിയായിരുന്ന ഇർഷാദ് സ്കൂൾ തലം മുതൽ കായിക രംഗത്ത് മികച്ച പ്രകടനമായിരുന്നു . 800 മീറ്റർ ഓട്ടമായിരുന്നു മുഖ്യ ഇനം. കായികരംഗത്തെ മികവിലാണ് അഞ്ച് വർഷം മുമ്പ് പോലീസ് സേനയിൽ പ്രവേശിക്കുന്നത്. പരിശീലനത്തിന് ശേഷം അടൂർ പോലീസ് ക്യാമ്പിൽ നിയമനം ലഭിച്ചെങ്കിലും സ്ഥിരമായി ജോലിക്ക് എത്തിയിരുന്നില്ല. ഇതിനെത്തുടർന്ന് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും അതിന് മറുപടി കൊടുത്തിരുന്നില്ല.
ലഹരി ഉപയോഗമാണ് ഇർഷാദിനെയും സഹദിനെയും തമ്മിൽ അടുപ്പിച്ചത്. നേരത്തെ ലഹരി കേസടക്കം നിരവധി കേസുകൾ സഹദിന്റെ പേരിൽ ഉണ്ട്. ഇന്ന് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും.