കർണാടകയിലെ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് 5 വയസ്സുകാരി മരിച്ചു
കര്‍ണാടകയിലെ സിര്‍സിയില്‍ അങ്കണവാടിയില്‍ നിന്ന് പാമ്പ് കടിയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയില്‍ ഇന്നലെയാണ് സംഭവം. മയൂരി സുരേഷ് കുമ്പളപ്പെനവര്‍ ആണ് മരിച്ചത്.മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍ പാമ്പ് കടിയേല്‍ക്കുകയായിരുന്നു.കുട്ടിയെ ആദ്യം തൊട്ടടുത്തുള്ള പ്രാദേശിക ആശുപതിയിലേക്കാണ് എത്തിച്ചിരുന്നത്.
പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും ആന്റി വെനം നല്‍കാതെയായിരുന്നു ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളജിലേക്ക് പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അയക്കുകയായിരുന്നു. എന്നാല്‍ ഹുബ്ബള്ളിയിലെത്തിക്കും മുന്‍പ് കുട്ടി മരിച്ചു.ഡ്യൂട്ടി ഡോക്ടര്‍ ഡോ. ദീപ തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയെന്ന് നാട്ടുകാര്‍ ആരോപിച്ചു. അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.പ്രദേശമാകെ കാടുപിടിച്ച് കിടക്കുകയാണ്.
മുണ്ടഗോഡ് താലൂക്കിലെ നിരവധി സംഘടനകള്‍ മയൂരിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ ദാരുണമായ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജനസ്പൂര്‍ത്തി വനിതാ സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ച്ജി) ട്രസ്റ്റ് വഴി തഹസില്‍ദാര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അടിയന്തര പരിചരണം നല്‍കാതെ മയൂരിയെ കെഎംസി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പാമ്പുകടിയേറ്റാല്‍ ജീവന്‍ രക്ഷിക്കാനുള്ള ചികിത്സകള്‍ ലഭ്യമല്ലാത്തതും, ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജീവനക്കാര്‍ക്ക് മതിയായ പരിശീലനം ലഭിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ ഉണ്ട്.