പോലീസ് കേസെടുക്കുന്നില്ല ; ആര്യ അടക്കമുള്ളവർക്കെതിരായ പരാതി കോടതിയിൽ നൽകി ; കെഎസ്ആർടിസി ഡ്രൈവറിൻറെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു
തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തിൽ നിയമനടപടിക്കൊരുങ്ങി ഡ്രൈവർ യദു . മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി . പരാതി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരാതി സ്വീകരിച്ചത്. കേസ് ഈ മാസം 6ന് കോടതി പരിഗണിക്കും.
മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎ സച്ചിൻ ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു. ജോലി തടസ്സപ്പെടുത്തിയതിനാണ് മേയർക്കെതിരെ യദു പരാതി നൽകിയിരിക്കുന്നത്. ബസിൽ അതിക്രമിച്ച കയറി ഭീഷണിപ്പെടുത്തിയെന്നാണ് സച്ചിൻ ദേവിനെതിരെയുള്ള പരാതി.
പോലീസ് കേസെടുക്കാത്തത് കൊണ്ടാണ് കോടതിയെ സമീപിച്ചത് എന്ന് യദു പറഞ്ഞു. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കണ്ടക്ടറെ സംശയം ഉണ്ടെന്ന് യദു വ്യക്തമാക്കി. കണ്ടക്ടർ ഇരുന്നത് മുൻസീറ്റിൽ തന്നെയായിരുന്നു. പക്ഷേ പോലീസിനോട് അയാൾ കള്ളം പറഞ്ഞു. തർക്കം ഉണ്ടായപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ആയിരുന്നു എന്നും മാദ്ധ്യമങ്ങളോട് യദു പറഞ്ഞു.