മറ്റൊരു ബാബരി ആകുമോ ഷാഹി മസ്ജിദ്. പ്രതിഷേധം കത്തുന്നു. എംപിക്കെതിരെ കേസെടുത്ത് പൊലീസ്, ഒരു മരണം കൂടി
ദില്ലി: ഉത്തര്‍ പ്രദേശിലെ സംബലിലുണ്ടായ സംഘര്‍ഷത്തില്‍ സംബല്‍ എംപിക്കെതിരെ കേസെടുത്ത് പൊലീസ്. സമാജ് വാദി പാര്‍ട്ടി എംപി സിയ ഉര്‍ റഹ്‌മാനെതിരെയാണ് യുപി പൊലീസ് കേസെടുത്തത്. അക്രമത്തെ പ്രോത്സാഹിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളുടെ കൂടി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദ് കൈഫ് ആണ് മരിച്ചത്. വെടിയേറ്റതാണ് മരണകാരണമെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ യഥാര്‍ത്ഥ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ പറയാനാവൂ എന്നാണ് പൊലീസിന്റെ പ്രതികരണം. അതേസമയം, സംഘര്‍ഷത്തില്‍ പ്രതികരണവുമായി കോണ്‍?ഗ്രസ് നേതാവ് പ്രിയങ്ക ?ഗാന്ധി രം?ഗത്തെത്തി. സുപ്രീംകോടതി കേസെടുക്കണമെന്ന് പ്രിയങ്ക ?ഗാന്ധി പ്രതികരിച്ചു.
സംബലിലെ പൊലീസ് വെടിവയ്പ്പില്‍ 3 യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സംഘര്‍ഷത്തിനിടെ പരിക്കേറ്റ നിരവധിപേര്‍ ഇപ്പോഴും ചികിത്സയിലാണ്. അതേസമയം സംഭവത്തില്‍ സുപ്രീം കോടതി കേസെടുക്കണം എന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സര്‍വേയുടെ പേരില്‍ ബിജെപി വര്‍ഗീയത പടര്‍ത്താന്‍ ആണ് ശ്രമിച്ചതെന്നും അഖിലേഷ് ആരോപിച്ചു. പൊലീസ് വെടിവയ്പ്പില്‍ ഇന്നലെ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. നൌമാന്, ബിലാല്, നയീം എന്നിവരാണ് കൊല്ലപ്പെട്ടത്. 22 പേര്‍ക്ക് പരിക്കേറ്റതായും 18 പേരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. ഷാഹി ജമാ മസ്ജിദില്‍ സര്‍വേയ്‌ക്കെത്തിയ അഭിഭാഷക സംഘത്തിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
സംബല്‍ ജില്ലയിലെ ഷാഹി ജമാ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നെന്നും, മുഗള്‍ ഭരണ കാലത്ത് ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി പണിതതാണെന്നും ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ ഹര്‍ജിയിലാണ് സംബല്‍ ജില്ലാ കോടതി അഭിഭാഷക സംഘത്തെ സര്‍വേയ്ക്ക് നിയോഗിച്ചത്. ഇന്നലെ രാവിലെ സര്‍വേയ്‌ക്കെത്തിയ സംഘത്തിന് നേരെ സര്‍വേയെ എതിര്‍ക്കുന്ന ആളുകള്‍ മൂന്ന് കൂട്ടമായി തിരിഞ്ഞ് വിവിധ വശങ്ങളില്‍ നിന്നും കല്ലെറിഞ്ഞു. നിരവധി വാഹനങ്ങള്‍ക്കും തീയിട്ടു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിലാണ് 3 പേര്‍ കൊല്ലപ്പെട്ടത്. അതേസമയം, സംഘര്‍ഷത്തിനിടെ സമിതി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് 29 ന് കോടതിയില്‍ സമര്‍പ്പിക്കും.
കോടതി നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ സ്ഥലത്ത് കൂടുതല്‍ പൊലീസ് ഉദ്യോ?ഗസ്ഥരെ വിന്യസിച്ചു. ഗ്യാന്‍വാപിയടക്കം ആരാധനാലയ തര്‍ക്കങ്ങളില്‍ ഹിന്ദു വിഭാഗത്തിനായി കോടതിയില്‍ ഹാജരായത് വിഷ്ണു ശങ്കര്‍ ജെയിനാണ്.