ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറുമോ? ഇന്ത്യയുടെ നിലപാട് നിര്‍ണായകം
ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറുമോ എന്നത് വലിയ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്. ഔദ്യോഗിക കുറിപ്പിലൂടെ ഹസീനയെ വിട്ട് നല്‍കാന്‍ അഭ്യര്‍ത്ഥിച്ച ശേഷം അനുകൂലമായ മറുപടിയൊന്നും ഉണ്ടായില്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് കടക്കാനാണ് ബംഗ്ലാദേശിന്റെ തീരുമാനം. രണ്ട് അയല്‍ രാജ്യങ്ങളും തമ്മില്‍ 2013-ല്‍ ഒപ്പുവെച്ച കുറ്റവാളി കൈമാറ്റ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 10 (3) 2016ല്‍ ഭേദഗതി ചെയ്തിരുന്നു. കുറ്റവാളികളെ വേഗത്തില്‍ കൈമാറണമെന്നതിനെ സംബന്ധിച്ചായിരുന്നു ഈ ഉടമ്പടി. ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച കുറ്റവാളി കൈമാറ്റ ഉടമ്പടിയില്‍ സമയ പരിധിയെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ ന്യൂഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം വരുന്നത് വരെ കാത്തിരിക്കുകയെ ബംഗ്ലാദേശിന് വഴിയുള്ളൂ.
ഡിസംബര്‍ 23 ന് ഒരു കുറിപ്പിലൂടെ നടത്തിയ ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അഭ്യര്‍ത്ഥനയോട് ഔദ്യോഗികമായി പ്രതികരിക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടു നിക്കുകയാണ്. 1975-ലെ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട രണ്ട് കുറ്റവാളികളെ കൈമാറുന്നത് പോലുള്ള ശ്രദ്ധേയമായ കേസുകളില്‍ ഈ ഉടമ്പടി ഇതിനകം ഉപയോഗിച്ചിട്ടുണ്ട്. ഈ ഉടമ്പടി ഉപയോഗിച്ച് ഷെയ്ഖ് ഹസീനയെ കൈമാറ്റം നടത്താനാണ് ബംഗ്ലാദേശ് ശ്രമിക്കുന്നത്. ഹസീനയെ ഇന്ത്യ തിരികെ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ബംഗ്ലാദേശ് സര്‍ക്കാറിന്റെ ഉപദേഷ്ടാവ് മഹ്ഫൂജ് ആലം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ മറുപടി. വളരെ ഗൗരവമേറിയ വിഷയമായതിനാല്‍ വിഷയത്തെ നയ തന്ത്രപരമായി കൈകാര്യം ചെയ്യാനാണ് ബം?ഗ്ലാദേശിന്റെ തീരുമാനം. അല്ലാത്ത പക്ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
ബംഗ്ലാദേശ് ഇടക്കാല ഗവണ്‍മെന്റിന്റെ അഭിപ്രായത്തില്‍, കൊലപാതകം, വംശഹത്യ തുടങ്ങി മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ ജൂലൈയിലെ കലാപത്തിനിടെ നടന്ന കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തില്‍ 100-ലധികം കേസുകളാണ് ഹസീന നേരിടുന്നത് ഭരണകൂടത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്നാണ് പ്രധാന മന്ത്രി ആയിരുന്ന ഷെയ്ഖ് ഹസീന ആഗസ്റ്റ് 5ന് ഇന്ത്യയില്‍ അഭയം പ്രാപിക്കുന്നത്. ആഗസ്ത് 5ന്, ഹസീനയുടെ ധാക്കയിലുള്ള ഔദ്യോഗിക വസതിയായ ഗാന ഭവനിലേക്ക് ജനക്കൂട്ടം ഇരച്ചു കയറുന്നതിന് തൊട്ടുമുമ്പ്, സഹോദരി ഷെയ്ഖ് രഹനയും ചില സഹായികളും തിടുക്കത്തില്‍ ഒരു സൈനിക വിമാനത്തില്‍ കയറി ന്യൂഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡണിലെ ഇന്ത്യന്‍ വ്യോമസേനാ താവളത്തിലേക്ക് പറക്കുകയായിരുന്നു. എത്തി മണിക്കൂറുകള്‍ക്ക് ശേഷം, ഹസീന വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ അനുമതി തേടി. അന്ന്, ഇന്ത്യയില്‍ നിന്ന് ഉടന്‍ തന്നെ അവര്‍ നോര്‍വേയിലേക്കോ ഫിന്‍ലന്‍ഡിലേക്കോ യുണൈറ്റഡ് കിംഗ്ഡത്തിലേക്കോ പോയിരിക്കാമെന്നാണ് പലരും കരുതിയിരുന്നത്.
എന്നാല്‍ ഹസീനയും കൂട്ടരും ഇന്ത്യയില്‍ തുടര്‍ന്നു. ബംഗ്ലാദേശിലെ യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ആഗസ്റ്റ് 8 ന് ചുമതലയേറ്റത് മുതല്‍ ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 9 ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ധാക്ക സന്ദര്‍ശന വേളയില്‍, ഹസീനയുടെ ഇന്ത്യയില്‍ നിന്നുള്ള പ്രസ്താവനകളില്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിക്കുകയും വിട്ട് നല്‍കണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിക്കുകയും ചെയ്തു.