മലപ്പുറത്തും കോഴിക്കോടും വെസ്റ്റ് നൈല്‍ ഫീവര്‍; സ്ഥിരീകരിച്ച് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
കോഴിക്കോട്: മലപ്പുറത്തും കോഴിക്കോടും വെസ്റ്റ് നൈല്‍ ഫീവര്‍. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 10 പേര്‍ക്കാണ് രോഗമുള്ളത്. ഇതില്‍ 4 പേര് കോഴിക്കോട് ജില്ലക്കാരാണ്. 2 പേര് സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാള്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇതിനു സമാനമാണ് മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങള്‍. ഇതിനാല്‍ രോഗ ബാധയുണ്ടായ ചിലര്‍ക്ക് മസ്തിഷ്കജ്വരമാണെന്ന നിഗമനത്തിലാണ് ആദ്യം ചിലയിടത്ത് ചികിത്സ നല്‍കിയതെന്നു പറയുന്നു.
ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകാരിയാവുക.