നമ്മളെല്ലാവരും ശ്രുതിക്ക് കൂട്ടാവണം, അപ്പോഴും ചില മുറിവുകള്‍ ഉണങ്ങില്ലെന്ന് അറിയാം: പി എ മുഹമ്മദ് റിയാസ്
കൊച്ചി: ജെന്‍സന്റെ വിയോഗത്തില്‍ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. വല്ലാത്ത മാനസിക പ്രയാസം ഉണ്ടാക്കുന്ന വാര്‍ത്തയാണ്. നമ്മളെല്ലാവരും ഒന്നായി ശ്രുതിക്ക് കൂട്ടാവണം. അപ്പോഴും ചില മുറിവുകള്‍ ഉണങ്ങില്ലെന്ന് അറിയാം. മനുഷ്യരെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി റിപ്പോര്‍ട്ടറിലൂടെ പ്രതികരിച്ചു.
‘വല്ലാത്ത മാനസിക പ്രയാസം ഉണ്ടാക്കുന്ന വാര്‍ത്തയാണ്. ദുരന്തമാണ്. ശ്രുതിയെ സംബന്ധിച്ച് ജീവിതത്തില്‍ തുടര്‍ച്ചയായ പ്രയാസങ്ങള്‍ നേരിടേണ്ടി വരികയാണ്. വല്ലാത്ത വേദനയാണ് ഉണ്ടാക്കിയിട്ടുള്ളത്. തുടര്‍ ദുഃഖങ്ങളായി മാറുന്നു. നമ്മളെല്ലാവരും ഒന്നായി ശ്രുതിക്ക് കൂട്ടാവണം. അപ്പോഴും ചില മുറിവുകള്‍ ഉണങ്ങില്ലെന്ന് അറിയാം. ചിലരുടെ വിയോഗത്തിന്റെ വേദന നമ്മള്‍ എല്ലാനിലയിലും കൈത്താങ്ങായി മാറിയാലും പൂര്‍ണ്ണമായും പരിഹരിക്കപ്പെടാനാകില്ല. അപ്പോഴും ഒരുമിച്ച് ശ്രുതിക്കൊപ്പം നില്‍ക്കണം. മനുഷ്യരെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. വല്ലാത്ത ക്രൂരതയാണ്. ഒരു വ്യക്തിയെ ദുരന്തങ്ങള്‍ വേട്ടയാടുകയാണ്’, പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
വയനാട്ടില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെന്‍സണ്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിലാവും ജെന്‍സണിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയും അടക്കം ഉറ്റവര്‍ നഷടപ്പെട്ട ചൂരല്‍മഴ സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരന്‍ ആയിരുന്നു ജെന്‍സണ്‍.
അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ മേരി ജയന്‍ ദമ്പതികളുടെ മകനാണ് ജെന്‍സന്‍. ചൊവ്വാഴ്ച വൈകീട്ടാണ് ജെന്‍സനും ശ്രുതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച ഒമിനി വാന്‍ കല്‍പ്പറ്റ വെള്ളാരംകുന്ന് പ്രദേശത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെന്‍സണ്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.