വയനാട് കാട്ടാന ആക്രമണം: മന്ത്രി കേളുവിനെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

വയനാട് കാട്ടാന ആക്രമണം: മന്ത്രി കേളുവിനെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

കല്ലൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം. മന്ത്രി ഒ.ആര്‍. കേളുവിനെ പ്രതിഷേധക്കാര്‍ വഴിയില്‍ തടഞ്ഞു വെച്ചു. അതേസമയം, സംഭവത്തില്‍ സര്‍വകക്ഷിയോഗം പുരോഗമിക്കുകയാണ്. വയനാട് കല്ലൂര്‍ മാറോട് ഊരിലെ രാജുവാണു കൊല്ലപ്പെട്ടത്. രാജുവിന്റെ മൃതദേഹം കല്ലൂരിലെത്തിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാനയുടെ ആക്രമത്തില്‍ രാജുവിന് പരുക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണു രാജു മരിച്ചത്.

വയലില്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന രാജുവിനെ വീടിനു സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. വന്യജീവി ശല്യത്തില്‍ ഇനിയും നടപടിയെടുക്കാത്തത് നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. നേരം ഇരുട്ടിയാല്‍ പുറത്തിറങ്ങാന്‍പോലും പറ്റാത്തവിധം ആശങ്കയിലാണ് നാട്ടുകാര്‍. തകര്‍ന്ന വേലി കടന്നെത്തിയ കൊമ്പനാണു കഴിഞ്ഞ ഞായറാഴ്ച രാജുവിനെ വീടിനു സമീപത്തുവച്ച് ആക്രമിച്ചത്. മാറോട് ഊരില്‍ കാട്ടാനയുടെ ആക്രമണം ഇതാദ്യമായല്ല.മുമ്പ് രാജുവിന്റെ സഹോദരന്‍ ബാബുവിനെ ആന ആക്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാബു ഇന്നും നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

അതിനിടയിലാണു വീണ്ടും ആനക്കലിയില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത്. കാടിറങ്ങി വരുന്ന ആനക്കൂട്ടം സമീപത്തെ വയലിലാണു തമ്പടിക്കുക, പല സമയങ്ങളിലും വീടുകളുടെ അടുത്തേക്ക് എത്തും. ഇരുട്ടായാല്‍ ഈ മേഖലയിലാര്‍ക്കും പുറത്തിറങ്ങാന്‍പോലും പറ്റാറില്ല. തകര്‍ന്ന ഫെന്‍സിങ് പുനഃസ്ഥാപിച്ചില്ലെന്നും പ്രദേശത്തെ ട്രഞ്ച് കാര്യക്ഷമമല്ലെന്നും നാട്ടുകാര്‍ക്കു പരാതിയുണ്ട്. കൃഷി നശിപ്പിക്കല്‍ പതിവായതോടെ ഊരിലെ മിക്ക കര്‍ഷകരും വിത്തിറക്കാറുമില്ല. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം തേടിയാണ് നാട്ടുകാരുടെ പ്രതിഷേധം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )