വിഷ്ണുജിത്തിന്റെ തിരോധാനം ; അവസാന ടവർ ലൊക്കേഷൻ പുതുശേരിക്ക് സമീപം

വിഷ്ണുജിത്തിന്റെ തിരോധാനം ; അവസാന ടവർ ലൊക്കേഷൻ പുതുശേരിക്ക് സമീപം

മലപ്പുറം: പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ സെപ്റ്റംബർ നാലിനാണ് കാണാതായത്. അന്നേദിവസം രാത്രി 8.10 ന് വിഷ്ണുജിത്തിന്റെ മൊബൈൽ ഫോൺ ഓഫായെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിഷ്ണുജിത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

കാണാതായ ദിവസം വൈകീട്ട് 7.45 നാണ് വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയത്. തുടർന്ന് കോയമ്പത്തൂർ ഭാഗത്തേയ്ക്കുള്ള ബസിൽ കയറി. വിഷ്ണുജിത്തിന്റെ അവസാന ടവർ ലൊക്കേഷൻ വാളയാർ ഹൈവേയിൽ പുതുശേരിക്ക് സമീപമാണ്. വിഷ്ണുജിത്ത് കോയമ്പത്തൂരിലെത്തി എന്ന നിഗമനത്തിലാണ് പൊലീസ്. ഇതനുസരിച്ച് കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങളിലുള്ളത് വിഷ്ണുജിത്ത് തന്നെയെന്ന് സഹോദരി പ്രതികരിച്ചു. കല്യാണത്തിന്റെ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കുന്നതിന് പോകുന്നു എന്നല്ലാതെ മറ്റ് കാര്യങ്ങളൊന്നും വിഷ്ണുജിത്ത് പറഞ്ഞിരുന്നില്ല. ഇതും ഫോൺ വിളിച്ചപ്പോൾ മാത്രമാണ് അറിഞ്ഞത്. ഇവിടെ നിന്ന് പോകുമ്പോൾ വിഷ്ണുജിത്തിന്റെ കൈവശം ബാഗ് ഉണ്ടായിരുന്നില്ല. കോയമ്പത്തൂരിൽ തങ്ങൾക്ക് ബന്ധുക്കളില്ല. സേലത്ത് ബന്ധുക്കളുണ്ട്. എന്നാൽ വിഷ്ണുജിത്ത് അവിടെ എത്തിയിട്ടില്ല. ജോലി ചെയ്യുന്ന സ്ഥലത്ത് തമിഴ്‌നാട് സ്വദേശിയായ ഒരാൾ ഉണ്ട്. എന്നാൽ അയാൾ കോയമ്പത്തൂർ സ്വദേശിയാണോ എന്ന് അറിയില്ലെന്നും സഹോദരി പറഞ്ഞു. വിഷ്ണുജിത്തിന് കോയമ്പത്തൂരിൽ സുഹൃത്തുക്കളില്ലെന്ന് പിതാവും സ്ഥിരീകരിച്ചു. ഇതിന് മുൻപ് വിഷ്ണുജിത്ത് കോയമ്പത്തൂരിൽ പോയിട്ടില്ല. വീട്ടിൽ നിന്ന് പോകുമ്പോൾ ബാഗ് ഉണ്ടായിരുന്നില്ല. പാലക്കാട് പോകുകയാണെന്ന് പറഞ്ഞിരുന്നില്ലെന്നും വിഷ്ണുജിത്തിന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു.

ഇന്നലെ വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. വിഷ്ണുജിത്തിനെ കാണാതായതോടെ ബന്ധുക്കൾ ഡിജിപി അടക്കമുള്ളവർക്ക് പരാതി നൽകി. കഴിഞ്ഞ ബുധനാഴ്ച അമ്മയുടെ കൈയിൽ നിന്ന് അഞ്ഞൂറ് രൂപ വാങ്ങിയിരുന്നു. ഈ പണവുമായാണ് പാലക്കാട്ടേയ്ക്ക് വണ്ടികയറിയത്. പാലക്കാട് കഞ്ചിക്കോടാണ് വിഷ്ണു ജോലി ചെയ്യുന്നത്. സുഹൃത്തിന്റെ കൈയിൽ നിന്ന് ഒരു ലക്ഷം രൂപ ലഭിച്ചതായി വിഷ്ണുജിത്ത് കടുംബത്തെ അറിയിച്ചിരുന്നു. അന്ന് വരുന്നില്ലെന്നും പാലക്കാടുള്ള ബന്ധുവീട്ടിൽ തങ്ങുമെന്നും വിഷ്ണുജിത്ത് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )