ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി പരിഗണന; ഡിഐജിയെയും ജയില്‍ സൂപ്രണ്ടിനെയും സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ
ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലില്‍ വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ മധ്യമേഖല ജയില്‍ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിനെയും സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ജയില്‍ ആസ്ഥാനത്തെ ഡിഐജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തത്. റിപ്പോര്ട്ടിന്മേല് ആഭ്യന്തര സെക്രട്ടറി ആകും നടപടി സ്വീകരിക്കുക. കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ് മധ്യമേഖല ജയില്‍ ഡിഐജി പി അജയകുമാര്‍ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി ജയിലില്‍ എത്തിയത്.
ജയില്‍ ചട്ടങ്ങള്‍ പാലിക്കാതെ ബോബി ചെമ്മണ്ണരുമായി രണ്ടു മണിക്കൂറിലധികം സമയം ചെലവഴിക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കിയിരുന്നു.സൂപ്രണ്ടിന്റെ മുറിയില്‍ ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പര്‍ട്ടി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു എന്നും ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അനധികൃതമായി ആളുകളെ ജയിലില്‍ എത്തിച്ചതില്‍ വീഴ്ച സംഭവിച്ചു എന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.ഡിഐജിക്കെതിരെ ജയില്‍ സൂപ്രണ്ട് ഒഴികെയുള്ള ജീവനക്കാര്‍ മൊഴി നല്‍കുകയും ചെയ്തു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം,മധ്യമേഖല ജയില്‍ ഡിഐജി പി അജയകുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഈ റിപ്പോര്ട്ടിന്മേല് ആഭ്യന്തരവകുപ്പ് സെക്രട്ടറി ആകും നടപടി സ്വീകരിക്കുക.സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ആറുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് മധ്യമേഖല ജയില്‍ DIG ക്ക് എതിരെ അച്ചടക്കനടപടി ശുപാര്‍ശ ചെയ്യുന്നത്. ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം ലഭ്യമായ സംഭവത്തില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.