വിനേഷ് ഫോഗട്ടിൻ്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം; ഹരിയാനയിലെ ഭർത്താവിൻ്റെ ഗ്രാമത്തിൽ നിന്ന് ഇന്ന് പ്രചാരണം തുടങ്ങും

വിനേഷ് ഫോഗട്ടിൻ്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം; ഹരിയാനയിലെ ഭർത്താവിൻ്റെ ഗ്രാമത്തിൽ നിന്ന് ഇന്ന് പ്രചാരണം തുടങ്ങും

വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജൂലാന മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് ഇന്ന് ഭര്‍ത്താവിന്റെ പൂര്‍വ്വഗ്രാമമായ ബക്ത ഖേരയില്‍ നിന്ന് പ്രചാരണം ആരംഭിക്കും. 30 കാരിയായ വിനേഷ് ഫോഗട്ട് രതി സമുദായം ഉള്‍പ്പെടെ ഏഴ് ഖാപ് പഞ്ചായത്തുകളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.

ഹരിയാനയിലെ ജാട്ട് ആധിപത്യമുള്ള ബംഗാര്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ജുലാന മണ്ഡലം, കഴിഞ്ഞ 15 വര്‍ഷമായി ഈ സീറ്റ് കൈവശം വച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി), ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) തുടങ്ങിയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ്. 2009ലും 2014ലും ഐഎന്‍എല്‍ഡിയുടെ പര്‍മീന്ദര്‍ സിംഗ് വിജയിച്ചപ്പോള്‍, 2019ല്‍ ജെജെപിയുടെ അമര്‍ജീത് ധണ്ഡയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

കായിക താരമായും ജാട്ട് പ്രതിനിധിയായും വിനേഷിന്റെ കോണ്‍ഗ്രസ് പ്രവേശനം ജുലാനയെ ഇത്തവണ നിര്‍ണ്ണായക സീറ്റാക്കി മാറ്റി. രതി കമ്മ്യൂണിറ്റി ഖാപ്പിനൊപ്പം ഘര്‍വാലി, ഖേര ബക്ത, ജമോല, കരേല, ജയ്ജയ്വന്തി, ഘേര്‍തി എന്നീ ആറ് ഗ്രാമങ്ങളെ പ്രതിനിധീകരിക്കുന്ന ചുഗമ ഖാപ് വിനേഷിനെ സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്ന് ഇന്ത്യാ ടുഡേയോട് സംസാരിച്ച വിനേഷിന്റെ ഭാര്യാപിതാവ് രാജ്പാല്‍ രതി പറഞ്ഞു.

ഗുസ്തി താരം ബജ്രംഗ് പുനിയയ്ക്കൊപ്പം വെള്ളിയാഴ്ചയാണ് വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടി പുറത്തിറക്കിയ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ വിനേഷിന്റെ പേരുണ്ടായിരുന്നു. മുന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനും ബി.ജെ.പി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വിനേഷ് പേടിക്കുകയോ പിന്നോട്ട് ഓടുകയോ ഇല്ല’ എന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്.

ഇത് ഒരു ‘പുതിയ ഇന്നിംഗ്സിന്റെ’ തുടക്കമാണെന്ന് വിശേഷിപ്പിച്ച വിനേഷ് ഫോഗട്ട്, അവര്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും പറഞ്ഞു. സ്ത്രീകള്‍ എന്ത് പ്രശ്നവും നേരിടുമ്പോഴും കോണ്‍ഗ്രസ് കൂടെ നില്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )