അന്ന് നീതിക്കുവേണ്ടി തെരുവില്‍ സമരത്തിനിറങ്ങി. അധികാരത്തിന്റെ ഹുങ്ക് കാട്ടിയവവര്‍ ഇന്ന് ചാരമാകുന്നു; പാരീസ് ഒളിമ്പിക്‌സില്‍ വിനേഷ് ഇന്ത്യയുടെ അഭിമാനമാകുന്നു

അന്ന് നീതിക്കുവേണ്ടി തെരുവില്‍ സമരത്തിനിറങ്ങി. അധികാരത്തിന്റെ ഹുങ്ക് കാട്ടിയവവര്‍ ഇന്ന് ചാരമാകുന്നു; പാരീസ് ഒളിമ്പിക്‌സില്‍ വിനേഷ് ഇന്ത്യയുടെ അഭിമാനമാകുന്നു

ഒടുവില്‍ പോരാട്ടങ്ങള്‍ കൊണ്ട് കനലായി അവര്‍ മാറുന്നു. ഫിനേഷ് ഫോഗട്ട്…ഇന്ത്യന്‍ കായിക ചരിത്രത്തില്‍ നീതിയുടെയും പ്രതിഷേധത്തിന്റെയും കനലായവള്‍ ഇന്ന് പുതിയൊരധ്യായം തുറക്കുന്നു. പാരീസ് ഒളിമ്പിക്‌സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലില്‍. സെമിയില്‍ ക്യൂബയുടെ യൂസ്‌നെലിസ് ഗുസ്മാന്‍ ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലിലെത്തുന്നത്. ഇതോടെ ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും വിനേഷിന് സ്വന്തമായി.

ബിജെപി എംപിയും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ തലവനുമായിരുന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പോരാട്ടത്തോടെയാണ് വിനേഷ് സമരങ്ങളുടെ അധ്യായം തുറക്കുന്നത്. ലൈംഗികാതിക്രമം കാട്ടിയ ബ്രിജ്ഭൂഷണിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വിനേഷ്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ തുടങ്ങിയ താരങ്ങളെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പൊലീസ് വലിച്ചിഴയ്ക്കുന്നത് കണ്ടപ്പോള്‍ രാജ്യം പകച്ചുനിന്നു. വനിതാ ഗുസ്തി താരങ്ങളോടു മോശമായി പെരുമാറിയ ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു വിനേഷ്

ലോക ചാംപ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലുമെല്ലാം ഇന്ത്യയുടെ അഭിമാനമായ താരത്തെ ആരാധകര്‍ കഴിഞ്ഞ വര്‍ഷം കണ്ടത് ന്യൂഡല്‍ഹിയിലെ തെരുവുകളിലാണ്. തനിക്കു കിട്ടിയ ഖേല്‍രത്ന, അര്‍ജുന പുരസ്‌കാരങ്ങള്‍ പ്രതിഷേധസൂചകമായി ഉപേക്ഷിച്ച വിനേഷ് സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയവര്‍ക്കൊപ്പം പുതിയ സമരമുഖം തന്നെ തുറന്നു. ഒളിംപിക്‌സിനിടെ അച്ചടക്കലംഘനം നടത്തിയെന്നു കാട്ടി ദേശീയ ഗുസ്തി ഫെഡറേഷന്‍ വിനേഷിനെ പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായെന്നും ഗുസ്തി നിര്‍ത്തിയാലോ എന്നു പോലും ചിന്തിച്ചെന്നും വിനേഷ് പറഞ്ഞിരുന്നു. ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ആയിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് തന്നെ ഓട്ടക്കാലണ എന്നു വിളിച്ച് ആക്ഷേപിച്ചെന്നും വിനേഷ് ആരോപിച്ചിരുന്നു. അതിന്റെ തുടര്‍ച്ച കൂടിയായിരുന്നു പിന്നീടുള്ള സമരജ്വാല

രാജ്യതലസ്ഥാനത്തെ തെരുവീഥിയില്‍ പൊലീസുകാരുടെ പിടിയില്‍ നിന്നു കുതറുന്ന വിനേഷിന്റെ ചിത്രം ഇന്ത്യന്‍ കായികപ്രേമികളുടെ നൊമ്പരമായിരുന്നു. ആ സങ്കടം വിനേഷ് തന്നെ ഇപ്പോള്‍ മായ്ച്ചിരിക്കുന്നു. പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ത്തിളക്കം കൂട്ടിയ ഉജ്വല വിജയങ്ങളോടെ.

2016 റിയോ ഒളിംപിക്‌സിലും 2021 ടോക്കിയോ ഒളിംപിക്‌സിലും ദൗര്‍ഭാഗ്യകരമാംവിധം ആ ആ മെഡല്‍നേട്ടം വിനേഷിന് അകന്നു പോയി. റിയോ ഒളിംപിക്‌സ് 48 കിലോഗ്രാം വിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ പരുക്കേറ്റാണ് വിനേഷ് പുറത്തായത്. ടോക്കിയോയില്‍ 53 കിലോഗ്രാം വിഭാഗം പ്രീക്വാര്‍ട്ടറില്‍ ആധികാരികമായി ജയിച്ചതിനു ശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെലാറൂസിന്റെ വനേസ കലാസിന്‍സ്‌കായയ്ക്കു മുന്നില്‍ വിനേഷ് അപ്രതീക്ഷിതമായി വീണു പോയി. ഇന്ത്യന്‍ കായികരംഗത്തെ ഗുസ്തി ആചാര്യനായി അറിയപ്പെടുന്ന മഹാവീര്‍സിങ് ഫോഗട്ടിന്റെ സഹോദരപുത്രിയാണ് വിനേഷ് ഫോഗട്ട്. മഹാവീറിന്റെ മക്കളായ ഗീത, ബബിത, ഋതു, സംഗീത എന്നിവര്‍ക്കൊപ്പം വളര്‍ന്ന വിനേഷ് കൂട്ടത്തിലെ ഏറ്റവും മിടുക്കിയായിരുന്നു. ഒന്‍പതാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട വിനേഷിനെ മഹാവീര്‍ തന്നെയാണ് വളര്‍ത്തിയതും ഗുസ്തിയിലെ അടവുകള്‍ പഠിപ്പിച്ചതും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )