വിനായകന്റെ മരണം; പ്രതികളായ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ ചുമത്താനാകില്ല

വിനായകന്റെ മരണം; പ്രതികളായ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ ചുമത്താനാകില്ല

തൃശൂര്‍: എങ്ങണ്ടിയൂരിലെ ദളിത് യുവാവായ വിനായകന്റെ മരണത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ക്രൈംബ്രാഞ്ച് ഡിവിഎസ്പി വിഎ ഉല്ലാസ് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയത്. ഒന്നാംപ്രതി സാജന്‍, രണ്ടാം പ്രതി ശ്രീജിത്ത് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ ചുമത്താന്‍ ആകില്ലെന്നാണ് റിപ്പോര്‍ട്ട്. വിനായകനെ പൊലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചത് പിടിച്ചുപറിക്കേസില്‍ കുറ്റസമ്മതമൊഴി നേടിയെടുക്കുന്നതിനു വേണ്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അത് ആത്മഹത്യാ പ്രേരണയാകുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മിറ്റി അംഗം ഷൈജു വാടാനപ്പള്ളി രംഗത്തെത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്ന് ദളിത് സമുദായ മുന്നണി അറിയിച്ചു. പ്രതികളായ പൊലീസിനെ സഹായിക്കുന്ന റിപ്പോര്‍ട്ടാണിത്. തുടരന്വേഷണം പൊലീസിനെ സഹായിക്കാനായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും ഷൈജു വാടാനപ്പള്ളി പറഞ്ഞു. 2017 ജൂലൈ 17നാണ് വിനായകനെ പിടിച്ചുപറിക്കുറ്റം ആരോപിച്ച് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 18ന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )