ഇനി കുടുംബത്തിനൊപ്പം; അഭിനയം നിര്‍ത്തുന്നുവെന്ന് വിക്രാന്ത് മാസി
മുംബൈ: അടുത്തിടെ വലിയ ചർച്ചയായ ‘ദി സബർമതി റിപ്പോർട്ട്’, ബോളിവുഡിൽ വമ്പൻ ഹിറ്റടിച്ച 12ത് ഫെയില്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിക്രാന്ത് മാസി. എന്നാൽ താൻ അഭിനയം നിര്‍ത്തുന്നുവെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഭർത്താവ്, പിതാവ്, മകൻ എന്ന എന്ന നിലയിൽ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും താരം പറയുന്നു.
ഇതുവരെയുള്ള പിന്തുണയ്ക്ക് താരം എല്ലാവരോടും നന്ദി പറഞ്ഞു. അടുത്ത വര്‍ഷം രണ്ട് സിനിമ റിലീസ് ഉണ്ടെന്നും അതിനു ശേഷം തന്നെ ബിഗ് സ്‌ക്രീനില്‍ കാണില്ലെന്നുമാണ് താരം പറഞ്ഞത്. 37ാം വയസിലാണ് താരം അഭിനയ ജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.
“കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. എന്നാൽ ഇനി വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടൻ എന്ന നിലയിലും. അതിനാൽ, 2025-ൽ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന 2 സിനിമകളും ഒരുപാട് വർഷത്തെ ഓർമ്മകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു ” വിക്രാന്ത് മാസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.