വാവര് നട പൊളിച്ചു കളയണമെന്ന വിജി തമ്പിയുടെ പരാമര്‍ശം; പരാതി നല്കി അഭിഭാഷകന്
പത്തനംതിട്ട: ശബരിമലയിലെ വാവര് നട പൊളിച്ച് കളയണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയുടെ പരാമര്‍ശത്തിനെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകന് അനൂപ് വി ആറാണ് പരാതി നല്‍കിയിരിക്കുന്നത്. അയ്യപ്പന് വാവര് എന്ന സങ്കല്‍പ്പവുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു വിജി തമ്പി പറഞ്ഞത്. ഇക്കാര്യം ശബരിമലയില്‍ നടന്ന കഴിഞ്ഞ മൂന്ന് ദേവപ്രശ്നങ്ങളിലും തെളിഞ്ഞിട്ടുണ്ടെന്നും വിജി തമ്പി പറഞ്ഞു.
ജനം ടിവിയിലൂടെയാണ് വിജി തമ്പിയുടെ ആഹ്വാനമുണ്ടായത്. ജനം ടിവിയിലൂടെ വിജി തമ്പി പരസ്യ ആഹ്വാനം നടത്തിയിട്ട് രണ്ട് ദിവസമായെന്നും ഇതുവരെ പൊലീസ് കേസെടുത്തില്ലെന്നും അനൂപ് വിമര്‍ശിച്ചു. ഈ സാഹചര്യത്തിലാണ് താന്‍ പരാതി നല്‍കിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ‘ജനം ടിവിയിലൂടെ പരസ്യ ആഹ്വാനം ചെയ്തിട്ട് രണ്ട് ദിവസം കഴിഞ്ഞു. വേറെ ഏത് വ്യക്തിയാണെങ്കിലും, ഇത് പറഞ്ഞാല്‍ ജയിലില്‍ ആയേനെ. കേസ് പോലും എടുക്കാത്ത സാഹചര്യത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് കൊടുത്തിട്ടുണ്ട്. കേസ് എടുത്താലും ഇല്ലെങ്കിലും ഹിന്ദു സംരക്ഷകര്‍ എന്ന് പറയുന്ന സംഘികളുടേയും, അവരുടെ സംരക്ഷകനായ പിണറായിയുടേയും യഥാര്‍ഥ സ്വഭാവം തുറന്ന് കാട്ടി മുന്നോട്ട് പോവും’, അഭിഭാഷകന് ഫേസ്ബുക്കില്‍ കുറിച്ചു.
‘ദേവപ്രശ്നത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ പുറത്തുപറയരുതെന്നും അത് മതേതരത്വത്തിന് പ്രശ്നമാണെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു. വാവര് നട പൊളിച്ചു നീക്കണം. അതിന് ദേവസ്വം ബോര്‍ഡ് തയ്യാറാകണം. വാവര് പള്ളിയില്‍ പോകുന്നത് തെറ്റാണെന്ന് അയ്യപ്പന്മാരെ ബോധിപ്പിക്കണം’, എന്നായിരുന്നു വിജി തമ്പി പറഞ്ഞത്. അയ്യപ്പന്മാരുടെ വ്രതം മുറിക്കുന്നതിനാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതെന്നും അയ്യപ്പനും വാവറും തമ്മില്‍ ബന്ധമില്ലെന്ന് പറയേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും വിജി തമ്പി പറഞ്ഞിരുന്നു. എരുമേലിയിലേത് വാവറുടെ പള്ളിയല്ലെന്നും നൈനാന് മോസ്ക്കാണെന്നും വിജി തമ്പി കൂട്ടിച്ചേര്‍ത്തിരുന്നു.