മുഖ്യമന്ത്രി ആദ്യം മുതല്‍ എഡിജിപിയെ സംരക്ഷിച്ചിരുന്നു…അജിത് കുമാറിനെ നീക്കിയത് പ്രതിപക്ഷത്തെ ഭയന്ന്; വിഡി സതീശന്‍

മുഖ്യമന്ത്രി ആദ്യം മുതല്‍ എഡിജിപിയെ സംരക്ഷിച്ചിരുന്നു…അജിത് കുമാറിനെ നീക്കിയത് പ്രതിപക്ഷത്തെ ഭയന്ന്; വിഡി സതീശന്‍

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ നീക്കം പ്രതിപക്ഷത്തെ ഭയന്നുകൊണ്ടാണ്. ചെയ്ത കുറ്റത്തോട് ആനുപാതികമായല്ല നടപടി. ആര്‍എസ്എസിന്റെ ചുമതലയില്‍ നിന്ന് ബറ്റാലിയന്റെ ചുമതലയിലേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ചുമതലയില്‍ നിന്ന് ബറ്റാലിയന്റെ ചുമതലയിലേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ഇപ്പോഴും അദ്ദേഹം പ്രധാനപ്പെട്ട സ്ഥാനത്ത് തുടരുകയാണ്. ആരോപണങ്ങളുടെ പേരിലാണ് നടപടിയെങ്കില്‍ അത് പോര. നാളെ അസംബ്ലി തുടങ്ങുമ്പോള്‍ എന്തെങ്കിലും പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് ഇത്. കണ്ണില്‍പ്പൊടിയിടാനുള്ള ശ്രമമാണിത്’, വി ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നീക്കം പ്രതിപക്ഷത്തെ ഭയന്നുകൊണ്ടാണ്. രണ്ട് ആരോപണങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. ഒന്ന് സെപ്റ്റംബര്‍ നാലിനായിരുന്നു. മുഖ്യമന്ത്രിയുടെ ദൂതന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടു എന്നതായിരുന്നു പ്രധാന ആരോപണം. അതിലാണ് നടപടിയെങ്കില്‍ 32 ദിവസം കഴിഞ്ഞാണ് നടപടി. അത് സംഭവിച്ചത് 2023 മെയിലാണ്. മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു സംഭവം. അറിയില്ലെങ്കില്‍ തന്നെ പിറ്റേദിവസം രാവിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തി. 16 മാസം കഴിഞ്ഞാണ് നടപടി. പൂരം കലക്കിയതിനാണെങ്കില്‍ പൂരം കഴിഞ്ഞിട്ട് 5 മാസമായി. മുഖ്യമന്ത്രി തന്നെയാണ് പൂരം കലക്കാന്‍ അങ്ങോട്ട് അയച്ചത്. ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് പറഞ്ഞതാണ്. എന്നിട്ട് പൂരം കലക്കിയ ഉദ്യോഗസ്ഥനെ തന്നെ അന്വേഷണത്തിന് നിയോഗിച്ചു. അന്വേഷണം പ്രഹസനമാണെന്ന് ഞങ്ങള്‍ പറഞ്ഞുവെന്നും വിഡി സതീശന്‍ പറയുന്നു.

മുഖ്യമന്ത്രി ആദ്യം മുതല്‍ എഡിജിപിയെ സംരക്ഷിച്ചിരുന്നുവെന്നും ഇപ്പോഴും സംരക്ഷിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മറ്റ് വഴിയില്ലാത്തതിനാല്‍ ട്രാന്‍സ്ഫര്‍ എന്ന ചെറിയ നടപടി സ്വീകരിച്ചുവെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് ജുഡീഷ്യല്‍ അന്വേഷണമാണെന്നും അദ്ദേഹം പറഞ്ഞു. നാളെ നിയമസഭ കൂടുകയല്ലേ. അവര്‍ക്കൊരു രാഷ്ട്രീയ തീരുമാനം എടുക്കണം. അതിന് വേണ്ടി ഒരു ട്രാന്‍സ്ഫര്‍ ഉണ്ടായിരിക്കുന്നു. അത്രമാത്രം. അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതിനെ കുറിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷികളും ആവശ്യപ്പെട്ടത് പ്രകാരം തത്ക്കാലത്തേക്ക് അദ്ദേഹത്തിനൊരു ചെറിയ നടപടിയെടുത്തു എന്നേയുള്ളൂ. കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് എഡിജിപിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഡിജിപി അജിത് കുമാറിനെതിരായ നടപടി സ്വാ?ഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ക്രമസമാധാന പാലന ചുമതലയില്‍ നിന്നും അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സിപിഐയുടെ അല്ല എല്‍ഡിഎഫിന്റെ വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. വിവാദങ്ങള്‍ ശക്തമായതോടെ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് സര്‍ക്കാര്‍ മാറ്റിയിരുന്നു. ബറ്റാലിയന്‍ ചുമതല മാത്രമാണ് അജിത് കുമാറിന് നിലവിലുള്ളത്. നേരത്തെ ക്രമസമാധാന ചുമതലയ്ക്ക് ഒപ്പം ബറ്റാലിയന്‍ ചുമതലയും അജിത് കുമാറിന് ഉണ്ടായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )