അദാനിക്ക് കുരുക്ക് മുറുക്കി അമേരിക്ക; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

അദാനിക്ക് കുരുക്ക് മുറുക്കി അമേരിക്ക; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

ഗൗതം അദാനിക്കും അനന്തരവന്‍ സാ?ഗര്‍ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നോട്ടീസ്. 21 ദിവസത്തിനകം ഹാജരാകാനാവശ്യപ്പെട്ട് ഇരുവരുടെയും അഹമ്മദാബാദിലെ വസതിയിലേക്കാണ് നോട്ടീസെത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോര്‍ജ വൈദ്യുതി കരാര്‍ ലഭിക്കാന്‍ 2200 കോടി രൂപ കൈക്കൂലി നല്‍കിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നടപടി.

അദാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഗൗതം അദാനിക്കും അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ സാഗര്‍ അദാനിക്കും എസ്ഇസി ചോദ്യം ചെയ്യലിന് നോട്ടീസയച്ചതായി വാര്‍ത്താ എജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഇരുവരും അടക്കം 8 പേര്‍ക്കെതിരെ യുഎസിലെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. നടപടിയോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. അതേസമയം നാളെ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിലുടനീളം വിഷയം ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

സൗരോര്‍ജ്ജ വിതരണകരാറുകള്‍ നേടാന്‍ ഏകദേശം 2,029 കോടി രൂപയുടെ (265 ദശലക്ഷം യുഎസ് ഡോളര്‍) കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയില്‍ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് അദാനിക്കെതിരെ കേസ്. ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

20 വര്‍ഷത്തിനുള്ളില്‍ ഏകദേശം പതിനാറായിരം കോടി രൂപ ലാഭം പ്രതീക്ഷിക്കുന്ന കരാറുകള്‍ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം 2,029 കോടി രൂപ കൈക്കൂലി നല്‍കാന്‍ അദാനിയും മറ്റ് ഏഴ് പ്രതികളും ശ്രമിച്ചതായാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

ന്യൂയോര്‍ക്കില്‍ യുഎസ് അറ്റോര്‍ണി ഓഫീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനും അദാനി ഗ്രീന്‍ എനെര്‍ജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. അദാനി ഗ്രീന്‍ എനര്‍ജി യുഎസ് നിക്ഷേപകരില്‍ നിന്ന് 175 മില്യന്‍ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്. യുഎസില്‍ ക്രിമിനല്‍ കുറ്റം ചെയ്തതായി ഔദ്യോഗികമായി ആരോപിക്കപ്പെടുന്ന ചുരുക്കം ചില ശതകോടീശ്വരന്മാരില്‍ ഒരാളായി മാറുകയാണ് അദാനി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )