അഭിനയിക്കുമ്പോൾ അവാർഡ് പ്രതീക്ഷിക്കാറില്ല : ഉർവശി

അഭിനയിക്കുമ്പോൾ അവാർഡ് പ്രതീക്ഷിക്കാറില്ല : ഉർവശി

കൊച്ചി: സ്‌കൂളിലെ പ്രോഗ്രസ് കാർഡ് ലഭിക്കുമ്പോൾ ഒന്നാമതെത്തുന്നത് പോലെയാണ് സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം എന്ന് നടി ഉർവശി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് കിട്ടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം. അഭിനയിക്കുമ്പോൾ അവാർഡ് പ്രതീക്ഷിക്കാറില്ല. ഡയറക്ടറാണ് അവാർഡ് തരുന്ന ആദ്യത്തെയാളെന്നും ഡയറക്ടർ ക്രിസ്റ്റോ ടോമി സഹോദരനെ പോലെയെന്നും ഉർവശി പ്രതികരിച്ചു.

‘വലിയ സന്തോഷം. അഭിനയിക്കുമ്പോൾ അവാർഡ് പ്രതീക്ഷിക്കില്ല. ഡയറക്ടറാണ് അവാർഡ് തരുന്ന ആദ്യത്തെയാൾ. അദ്ദേഹം ഓക്കേ പറയുന്നതാണ് ഏറ്റവും വലിയ അവാർഡ്. പടം റിലീസായപ്പോൾ നിരവധി പേർ അഭിനന്ദിച്ചു. ഓരോരുത്തരുടേയും അഭിനന്ദനം ഓരോ പുരസ്‌കാരങ്ങളാണ്. ഓരോ പ്രേക്ഷകന്റേയും അഭിനന്ദനം ഹൃദയപൂർവ്വം പുരസ്‌കാരമായാണ് സ്വീകരിക്കുന്നത്. സ്‌കൂളിൽ നിന്നും പ്രോഗ്രസ് റിപ്പോർട്ട് കിട്ടുമ്പോൾ ഫസ്റ്റ്‌പ്രൈസ് കിട്ടില്ലേ അതുപോലെയാണ് സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം. പാർവ്വതിയുമായി മത്സരിച്ച് അഭിനയിച്ചു. പാർവ്വതി അപ്പുറം ഉള്ളതുകൊണ്ടുകൂടിയാണ് നേട്ടം’, എന്നായിരുന്നു ഉർവശിയുടെ പ്രതികരണം.

ശാരീരികമായും മാനസികമായും ഒരുപാട് കഷ്ടപ്പെട്ടാണ് ഉള്ളൊഴുക്ക് പൂർത്തിയാക്കിയത്. അരയ്‌ക്കൊപ്പം വെള്ളമായിരുന്നു. രാവിലെ തുടങ്ങിയാൽ വൈകുന്നേരം വരെ ഷൂട്ടിംഗ് ആയിരുന്നു. പിന്നെ വേണം റൂമിൽ പോകാൻ. 44 ദിവസത്തോളം കരഞ്ഞിരിക്കാൻ പറ്റില്ലെന്ന് ഞാൻ സംവിധായകനോട് പറഞ്ഞു. എങ്കിൽ ചേച്ചിക്ക് ഉചിതമായ രീതിയിൽ ചെയ്യാനായിരുന്നു സംവിധായകൻ പറഞ്ഞത്. പക്ഷെ, കരയാതെ കരയുകയെന്നതായിരുന്നു അതിലും പ്രയാസമെന്ന് പിന്നീടാണ് മനസ്സിലായത്. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ മുഖത്തെ ഞരമ്പ് വേദനിക്കാൻ തുടങ്ങി. ക്ഷീണിച്ചു. ശരിക്കും മരണവീടായിരുന്നു അത്. ഇനി ഒരുതവണ കൂടി അങ്ങനെ നിൽക്കുകയെന്നത് പ്രയാസമാണെന്നും ഉർവശി പറയുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )