പാലക്കാടും മലപ്പുറത്തും പ്രകമ്പനം; ഒറ്റപ്പാലത്ത് ഇടിമുഴക്കത്തിന് സമാന ശബ്ദം കേട്ടതായി പ്രദേശവാസികൾ
പാലക്കാട്: വായനാടിനും കോഴിക്കോടിനും പിന്നാലെ പാലക്കാടും മലപ്പുറത്തും ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികൾ. ഒറ്റപ്പാലം താലൂക്ക് പരിധിയിലെ ചളവറ, പുലാക്കുന്ന്, ലക്കിടി, അകലൂർ, പനമണ്ണ, കോതകുർശ്ശി, വാണിയംകുളം, പനയൂർ, വരോട്, വീട്ടാമ്പാറ പ്രദേശങ്ങളിലാണ് അസാധാരണമായ ഒരു ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നത്.
രാവിലെ പത്തേകാൽ മണിയോടെ ഇടിമുഴക്കം പോലൊരു ഭയാനകമായ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെ ശബ്ദം കേട്ട ശേഷം പ്രദേശത്ത് മറ്റ് പ്രകമ്പനങ്ങളോ അസാധാരണ ശബ്ദങ്ങളോ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഒരുതരത്തിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെയാണ് സംഭവം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി അറിയിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലും ഇടിമുഴക്കം പോലെ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.