തിരുപ്പതി ക്ഷേത്രത്തിലെ അപകടം; തിരക്കിൽപ്പെട്ട് മരിച്ച ആറുപേരിൽ മലയാളിയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര
തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറ് പേര്‍ മരിച്ച സംഭവത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സര്‍ക്കാര്‍. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. അതേസമയം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ മലയാളിയും ഉണ്ടെന്നാണ് വിവരം. ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായി താഴെ തിരുപ്പതിയിലെ കൂപ്പണ്‍ വിതരണ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 6 പേര്‍ മരിച്ചത്. മരിച്ച മലയാളി പാലക്കാട് സ്വദേശിനിയാണ്. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേടിലെ നിര്‍മല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. നിര്‍മലയും ബന്ധുക്കളും ഉള്‍പ്പെടെയുള്ള ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്.
അതേസമയം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ അറിയിച്ചു. തിരക്കിലും തിരക്കിലും പെട്ട് നിര്‍മല മരിച്ച വിവരം വൈകിയാണ് ബന്ധുക്കള്‍ അറിഞ്ഞത്. അപകടമുണ്ടായശേഷം മരിച്ച ആറുപേരില്‍ ഉള്‍പ്പെട്ടിരുന്ന നിര്‍മല കര്‍ണാടക സ്വദേശിനിയാണെന്നായിരുന്നു പൊലീസ് ആദ്യം നല്‍കിയ വിവരം. പിന്നീട് ഈ വിവരം തിരുത്തി നല്‍കുകയായിരുന്നു.
ക്ഷേത്രത്തിലെ വിഷ്ണു നിവാസിലെ കൗണ്ടറിലാണ് അപകടമുണ്ടായത്. ടോക്കണ്‍ വിതരണത്തിനായി ഒമ്പതിടത്തായി 94-ഓളം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. കൂപ്പണ്‍ വിതരണ കൗണ്ടറിനു മുന്നിലേക്ക് ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിനു കാരണമായത്. തിരക്കില്‍ പെട്ട് ആളുകള്‍ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കേറിയ സമയത്താണ് ഇത്തരമൊരു അപകടമുണ്ടായത്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി.