തിരുപ്പതി ലഡു വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ സി.ബി.ഐയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി. സി.ബി.ഐ, സംസ്ഥാന പൊലീസ്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അംഗം എന്നിവരടങ്ങുന്നതാണ് സംഘം. സ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
ദൈവത്തിൽ വിശ്വസിക്കുന്ന കോടിക്കണക്കിന് ആളുകളുടെ വികാരങ്ങൾ ശമിപ്പിക്കാൻ മാത്രമാണ് ഞങ്ങൾ ഈ സമിതിയെ രൂപീകരിച്ചത്. ഈ വിഷയത്തിൽ സംസ്ഥാന പൊലീസ്, സി.ബി.ഐ, എഫ്.എസ്.എസ്.എ.ഐ എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന സ്വതന്ത്രസംഘം അന്വേഷണം നടത്തുമെന്നും , ലോകമെമ്പാടുമുള്ള വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താൻ ആരോപണങ്ങൾക്ക് സാധ്യതയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
മുൻ വൈ.എസ്.ആർ കോൺഗ്രസ് സർക്കാറിന്റെ കാലത്ത് ലഡു ഉണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലാബ് റിപ്പോർട്ട് ഉദ്ധരിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അവകാശപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ മാസം വിവാദം പൊട്ടിപ്പുറപ്പെട്ടത്.