പുലികളി; സര്‍ക്കാരിനോട് അഭിപ്രായം തേടി തൃശ്ശൂര്‍ മേയര്‍

പുലികളി; സര്‍ക്കാരിനോട് അഭിപ്രായം തേടി തൃശ്ശൂര്‍ മേയര്‍

തൃശ്ശൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലികളിയില്‍ സര്‍ക്കാരിനോട് അഭിപ്രായം തേടി തൃശ്ശൂര്‍ മേയര്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓണത്തോട് അനുബന്ധിച്ച് നടത്തേണ്ടിയിരുന്ന പുലികളി, കുമ്മാട്ടി മഹോത്സവം എന്നിവ വേണ്ടെന്നുവച്ചത്. ഒരുക്കങ്ങളുമായി മുന്നോട്ട് പോയതിനാല്‍ പുലിക്കളി നടത്തണമെന്ന് സംഘങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് മേയര്‍ തദ്ദേശ വകുപ്പ് മന്ത്രിക്ക് കത്തയച്ചത്.

കോര്‍പ്പറേഷന്റെ തീരുമാനം ഏകപക്ഷീയമാണെന്നും ഓണനാളില്‍ ഇരു ആഘോഷങ്ങളും നടത്തുമെന്ന നിലപാടിലാണ് സംഘടനകള്‍. 16, 17 തിയതികളിലായി കുമ്മാട്ടിയും 18 ന് ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലികളിയുമാണ് നടക്കേണ്ടിയിരുന്നത്. ഇത്തവണ പുലികളിക്കായി ഒന്‍പത് ടീമുകള്‍ രജിസ്ട്രര്‍ ചെയ്തിരുന്നു. പുലികളിക്കായി ഓരോ ടീമും നാല് ലക്ഷം രൂപയിലധികം ഇതിനകം ചിലവഴിച്ചുവെന്നും പുലികളി ഉപേക്ഷിച്ചാല്‍ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാവുമെന്നുമാണ് പുലികളി സംഘാടകസമിതി വ്യക്തമാക്കിയത്.

കുമ്മാട്ടി മഹോത്സവം ആചാരത്തിന്റെ ഭാഗമാണെന്നും മുഴുവന്‍ ദേശങ്ങളിലും കുമ്മാട്ടി മഹോത്സവം നടത്താനാണ് തീരുമാനമെന്നുമാണ് കുമ്മാട്ടി മഹോത്സവ സംയുക്ത സമിതി അറിയിച്ചത്. കലാകാരന്‍മാര്‍, വേഷക്കാര്‍ എന്നിവരെ പട്ടിണിക്കിടാതിരിക്കാന്‍ വേണ്ടി കൂടിയാണ് കുമ്മാട്ടി നടത്തുന്നത്. വയനാട് ദുരിതസഹായത്തിനായി വലിയ തുക നല്‍കുമെന്നും സംഘാടക സമിതി വ്യക്തമാക്കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ധനസഹായം നല്‍കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും പുലികളി, കുമ്മാട്ടി സംഘങ്ങള്‍ ഓണാഘോഷനാളില്‍ മുന്‍നിശ്ചയിച്ച പ്രകാരം പരിപാടികള്‍ നടത്തും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )