24 മണിക്കൂറിനിടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

24 മണിക്കൂറിനിടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ വനമേഖലക്ക് സമീപത്തുള്ള ഗ്രാമത്തില്‍ 24 മണിക്കൂറിനിടെ പുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതോടെ പ്രദേശ വാസികള്‍ പ്രക്ഷോഭമാരംഭിച്ചു. ഉന്‍ദിതാല്‍ ഗ്രാമത്തില്‍നിന്നുള്ള 16കാരിയും മരുന്നുചെടി തേടി വനത്തിലെത്തിയ ഭെവാഡിയ ഗ്രാമവാസിയായ 51കാരനും വ്യാഴാഴാഴ്ച കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉമരിയ ഗ്രാമത്തിലെ യുവതിയുടെ മൃതദേഹം മൂന്ന് കിലോമീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. ഗോകുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൂന്ന് ആക്രമണങ്ങളുമുണ്ടായത്. ഇതോടെ പ്രദേശത്ത് ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധമുള്‍പ്പെടെ നടത്തി. ഗോകുണ്ട -ഉയ്പൂര്‍ ഹൈവേ മൂന്ന് മണിക്കൂറാണ് ഉപരോധിച്ചത്. നരഭോജി പുലികളെ കണ്ടെത്തി കൊലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം ആക്രമണം നടത്തിയ പുലികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉദയ്പൂര്‍ വനമേഖലയിലെ ആവാസ വ്യവസ്ഥ തകര്‍ന്നിട്ടുണ്ടെന്നും, വനമേഖലയില്‍ ഇരയെ ലഭിക്കാതെ വന്നതോടെയാണ് വന്യജീവികള്‍ പുറത്തിറങ്ങിയതെന്നും ഡി.എഫ്.ഒ മുകേഷ് സൈനി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

ഉദയ്പൂര്‍ വനമേഖലയില്‍ ഇരുനൂറോളം പുലികള്‍ ഉള്ളതായാണ് കണക്ക്. എന്നാല്‍ നിലവില്‍ അവയ്ക്ക് ആവശ്യമായ അളവില്‍ ഇര വനത്തില്‍ ലഭ്യമല്ല. ഇതാണ് വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നത്. മേഖലയില്‍ ജനസംഖ്യ ഉയരുന്നതും റോഡ് ഉള്‍പ്പെടെയുള്ള വികസന പ്രവൃത്തികളും ഇതിനു കാരണമാകുന്നുണ്ട്. മൂന്നുപേരെ ആക്രമിച്ച പുലികളെ പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )