തിരുവണ്ണാമല ഉരുൾപൊട്ടൽ; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനത്തിന് സൈന്യവും എൻഡിആർഎഫും
തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു. കാണാതായ ഏഴംഗ കുടുംബത്തിനായി തിരച്ചില്‍ തുടരുകയാണ്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയില്‍ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴയാണ്.
വിഒസി നഗറിലെ മൂന്ന് വീടുകളാണ് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത്. തമിഴ്നാട്ടില്‍ പരക്കെ മഴ പെയ്യുന്നതിനാല്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിഴുപ്പുറം, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി, കൃഷ്ണഗിരി, റാണിപേട്ട്, തിരിപ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ്. വിഴുപ്പുറത്ത് ഇന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സന്ദര്‍ശനം നടത്തും. വിഴുപ്പുറത്ത് നിരവധിപേര്‍ വീടുകളില്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും എന്‍ഡിആര്‍എഫും സജ്ജമാണ്. യന്ത്രങ്ങളുടെ സഹായത്തോടെ വെള്ളക്കെട്ട് വറ്റിക്കുകയാണ്.
വെള്ളക്കെട്ട് ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കടലൂര്‍, വില്ലുപുരം, കൃഷ്ണഗിരി ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സേലം, ധര്‍മ്മപുരി, തിരുവണ്ണാമലൈ, തിരുപ്പത്തൂര്‍, വെല്ലൂര്‍, റാണിപ്പേട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.
തെലങ്കാനയിലെ ജയശങ്കര്‍ ഭൂപാല്‍പള്ളി, മുലുഗു, ഭദ്രാദ്രി കോതഗുഡെം, ഖമ്മം, നല്‍ഗൊണ്ട, സൂര്യപേട്ട്, മഹബൂബാബാദ്, വാറംഗല്‍, ഹനംകൊണ്ട, ജങ്കാവ് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ മഴ കുറഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാണ് ശ്രമം. മൊബൈല്‍ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി തടസ്സപ്പെട്ടു. മെഴുകുതിരികള്‍, പാല്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമമുണ്ടായി. കനത്ത മഴയില്‍ പ്രധാന ജലാശയങ്ങളും കനാലുകളും കരകവിഞ്ഞൊഴുകി.