മോട്ടർ വാഹനങ്ങളിൽ കൂളിങ് ഫിലിം ഘടിപ്പിക്കുന്നതിൽ തെറ്റില്ല : ഹൈക്കോടതി

മോട്ടർ വാഹനങ്ങളിൽ കൂളിങ് ഫിലിം ഘടിപ്പിക്കുന്നതിൽ തെറ്റില്ല : ഹൈക്കോടതി

കൊച്ചി : മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. ഇതിന്റെ പേരിൽ‍ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ.നഗരേഷ് . കൂളിങ് ഫിലിം നിർമിക്കുന്ന കമ്പനി, കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴ ഈടാക്കിയതിനെതിരെ വാഹന ഉടമ, റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ച സൺ കൺട്രോള്‍ ഫിലിം വ്യാപാരം നടത്തുന്ന സ്ഥാപനം തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി വന്നത്.

2021 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിലെ വകുപ്പ് നൂറിന്റെ ഭേദഗതി അനുസരിച്ച് മോട്ടര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകൾക്ക് പകരം ‘സേഫ്റ്റിഗ്ലേസിങ്’ കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട് .ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ 2019 ലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് ആണ് അനുവദനീയമായിട്ടുള്ളത്. മുൻപിൻ ഭാഗങ്ങളിൽ 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങൾ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകൾ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്.

ഇതിനെതിരെ വിമർശനങ്ങൾ ഇതിനോടകം തന്നെ ഉയർന്നു വന്നിട്ടുണ്ട്. ഇത്തരം ഫിലിമുകൾ ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ടെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും നിലവിലുള്ള സുപ്രീം കോടതി വിധികൾ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിന് മുൻപുള്ളതായിരുന്നു എന്നും അന്ന് സേഫ്റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമേ അനുവാദമുള്ളൂ എന്ന വാദവും കോടതി നിരാകരിച്ചു. ആലപ്പുഴയിലെ സ്ഥാപനത്തിന് റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് കാണിച്ച് എംവിഡി നൽ‍കിയ നോട്ടിസും ഫിലിം ഒട്ടിച്ചതിന് വാഹന ഉടമയ്ക്ക് പിഴ ചുമത്തിയ നടപടിയും കോടതി റദ്ദാക്കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )