ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സജിമോന്‍ പാറയിലിന് തിരിച്ചടി. കേസ് എടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസ് എടുക്കുന്നതിനെ ചോദ്യം ചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. കേസ് എടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സ്റ്റേ നല്‍കുന്ന കാര്യം അടുത്ത തവണ പരിഗണിക്കാമെന്ന് സുപ്രിംകോടതി പ്രതികരിച്ചു. സജിമോന്‍ പാറയിലിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
ഹേമകമ്മറ്റിയില്‍ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തോടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിച്ച നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അടിയന്തിരമായി പരിഗണിക്കണമെന്ന്ചൂണ്ടിക്കാട്ടി സജിമോന്‍ പാറയിലിന്റെ അഭിഭാഷകന്‍ കോടതിയില്‍ കത്ത് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി ഇന്ന് പരി?ഗണിക്കാന്‍ തീരുമാനിച്ചത്.
2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടായിരുന്നു. 2019 ഡിസംബര്‍ 31ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്.