സത്യം പറയാൻ ഭയക്കേണ്ട കാര്യമില്ലല്ലോ. ‘ധനുഷിന്റെ മാനേജരെ പല തവണ വിളിച്ചു, സംസാരിക്കാൻ താല്പര്യമില്ലെന്നാണ് അറിയിച്ചത്; നയൻതാര
ധനുഷിനെതിരായ തുറന്ന കത്ത് പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്ന് നടി നയന്‍താര. കാര്യങ്ങള്‍ കൈവിട്ടു പോയപ്പോള്‍ സത്യം ബോധിപ്പിക്കാന്‍ എഴുതിയ കത്താണ്. താന്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ, സത്യം പറയാന്‍ ഭയക്കേണ്ട കാര്യമില്ലല്ലോ. ധനുഷിനെ വിളിക്കാന്‍ ശ്രമിച്ചിരുന്നു, സംസാരിക്കാന്‍ താല്പര്യം ഇല്ലെന്നാണ് മാനേജര്‍ അറിയിച്ചതെന്നും നയന്‍താര പ്രതികരിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര കത്തിനെപ്പറ്റി വിശദീകരിച്ചത്.
”പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായയ്ക്ക് കരി വാരിത്തേക്കുന്ന ആളല്ല ഞാന്‍. ഞങ്ങളെ പിന്തുണച്ച പലരും ധനുഷിന്റെ ആരാധകരും ആയിരുന്നു. ഞങ്ങളുടെ ഡോക്യുമെന്ററിക്കുള്ള പിആര്‍ ആയിരുന്നു ഞങ്ങളുടെ കുറിപ്പെന്ന് പലരും ആരോപിച്ചു. പക്ഷേ അതല്ല ശരി. അത് ഒരിക്കലും ഞങ്ങളുടെ മനസിലൂടെ പോയിട്ടില്ല. ഇതൊരു സിനിമയല്ലല്ലോ, ഡോക്യുമെന്ററിയല്ലേ. ഹിറ്റോ ഫ്‌ലോപ്പോ ആവുന്ന ഒന്ന് അല്ലല്ലോ അത്”, നയന്‍താര ചോദിക്കുന്നു.
വിഘ്‌നേഷ് എഴുതിയ നാല് വരികള്‍ ഞങ്ങള്‍ക്ക് ഡോക്യുമെന്ററിയില്‍ ഉപയോഗിക്കണമെന്ന് ശരിക്കും ആഗ്രഹം ഉണ്ടായിരുന്നു. കാരണം ഞങ്ങളുടെ ജീവിതത്തിന്റെ സാരാംശമായിരുന്നു അത്. ധനുഷ് ഒരു നല്ല സുഹൃത്തായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ല. ഞങ്ങള്‍ രണ്ട് പേര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാവും. അവസാനം ധനുഷിന്റെ മാനേജരെ ഞാന്‍ വിളിച്ചു. ആ നാല് വരികള്‍ ഉപയോഗിക്കാനും എന്‍ഒസി തന്നില്ലെങ്കിലും വേണ്ട, ധനുഷുമായി ഒന്ന് കോള്‍ കണക്റ്റ് ചെയ്യാനാണ് ഞാന്‍ മാനേജരോട് ആവശ്യപ്പെട്ടത്. പ്രശ്‌നം എന്താണെന്ന് മനസിലാക്കണമെന്നുണ്ടായിരുന്നു എനിക്ക്. ഞങ്ങളോട് എന്താണ് ഇത്ര ദേഷ്യമെന്നും. ആശയക്കുഴപ്പമാണെങ്കില്‍ പരിഹരിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ ആ ഫോണ്‍ കോളും യാഥാര്‍ഥ്യമായില്ല. അപ്പോഴും എനിക്ക് ദേഷ്യം ഉണ്ടായിരുന്നില്ല. ഡോക്യുമെന്ററിക്ക് വേണ്ടി വിഘ്‌നേഷ് പുതിയൊരു ഗാനം എഴുതി. ഞങ്ങളുടെ ഫോണുകളില്‍ ചിത്രീകരിച്ച ബിടിഎസ് ആണ് അവസാനം ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത്. അത്തരം ഫുട്ടേജുകള്‍ കരാറിന്റെ ഭാഗമായത് ഇപ്പോഴാണ്. പത്ത് വര്‍ഷം മുന്‍പ് അങ്ങനെ ഇല്ലായിരുന്നു. എനിക്ക് തികച്ചും അനീതിയെന്ന് തോന്നിയ ഒരു കാര്യത്തില്‍ എനിക്ക് പ്രതികരിക്കേണ്ടിവന്നു”- നയന്‍താര വിശദീകരിച്ചു.
നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് താരങ്ങളായ ധനുഷും നയന്‍താരയും തമ്മിലുള്ള വിവാദം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിഷയത്തില്‍ ഇരുകൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ രംഗത്തെത്തിയിരുന്നു. നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍ എന്ന ഡോക്യുമെന്ററിയുടെ ഭാഗമായുള്ള പബ്ലിസിറ്റി സ്റ്റണ്ടാണിതെന്ന വിമര്‍ശനത്തിലാണ് നയന്‍താരയുടെ പ്രതികരണം.