പാണക്കാട്ടെ തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന നിലപാട് തെറ്റ് -എൻ.എൻ കൃഷ്ണദാസ്
പാലക്കാട്: പാണക്കാട്ടെ തങ്ങളെ ആരും വിമർശിക്കാൻ പാടില്ലെന്ന നിലപാട് മുസ്‌ലീം ലീഗ് പ്രവർത്തകർ പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന് എൽ.ഡി.എഫ് നേതാവ് എൻ.എൻ കൃഷ്ണദാസ്. യഥാർത്ഥത്തിൽ പാണക്കാട്ട് തങ്ങളെയല്ല മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റിനെയാണ് എൽ.ഡി.എഫ് വിമർശിച്ചത്. അത് പാടില്ലായെന്നാണ് മുസ്‌ലീം ലീഗ് നിലപാടെങ്കിൽ അവർ സംസ്ഥാന അധ്യക്ഷനെ മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലേക്ക് പോയ സന്ദീപ് വാരിയർ സി.പി.എമ്മിന് വലിയ സംഭവമല്ല. തീർച്ചയായും പാലക്കാട് ഇടതുപക്ഷത്തിന് ഉജ്ജ്വല വിജയം ഉണ്ടാവും. മൂന്നാം തവണയും ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന്റെ സൂചനയാണിത്. ബി.ജെ.പിയിൽ നിന്നും കോണ്‍ഗ്രസിലേക്ക് മാറിയ സന്ദീപ് വാരിയര്‍ ആർ.എസ്.എസുകാരനാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നിയമസഭ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പാണക്കാട് തങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ലീഗ് നേതാക്കളിൽ നിന്നും പ്രതികരണം ഉണ്ടായത് വലിയ വിവാദങ്ങൾക്കു തിരികൊളുത്തിയിരുന്നു.