കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ അഭിനയം നിര്‍ത്തുന്ന 37കാരന്‍. അരുതെന്ന് വിക്രാന്ത് മാസിയോട് ആരാധകര്‍

കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ അഭിനയം നിര്‍ത്തുന്ന 37കാരന്‍. അരുതെന്ന് വിക്രാന്ത് മാസിയോട് ആരാധകര്‍

കരിയറിന്റെ പീക്ക് ലെവലില്‍ നില്‍ക്കുമ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ‘ട്വല്‍ത്ത് ഫെയ്ല്‍’ താരം വിക്രാന്ത് മാസി. താരത്തിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. ദ് സബര്‍മതി റിപ്പോര്‍ട്ട് എന്ന ചിത്രത്തിലാണ് വിക്രാന്ത് അവസാനമായി അഭിനയിച്ചത്. അടുത്ത വര്‍ഷം വരുന്ന രണ്ട് ചിത്രങ്ങളായിരിക്കും തന്റെ അവസാന സിനിമകളെന്നും നടന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

ബോളിവുഡില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ മൊഞ്ചനായ നടനാണ് വിക്രാന്ത് മാസി. കൊമേഴ്ഷ്യല്‍ സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കാതെ അഭിനയ പ്രാധാന്യമുള്ള സാമ്പത്തികമായി വിജയിക്കാത്ത നിരവധി സിനിമകളിലെ നായകനാണ് വിക്രാന്ത് മാസി. നിരവധി ഒടിടി വെബ് സീരീസുകളിലെ നായകന്‍. നിരവധി ആരാധകരാണ് ഈ നടന് ഇന്ത്യയിലുള്ളത്. അടുത്തിടെ ഇറങ്ങിയ ട്വല്‍ത്ത് ഫെയില്‍ കേരളത്തിലടക്കം ഇന്ത് മുഴുവന്‍ ചര്‍ച്ചയായിരുന്നു. വിഭ്രാന്തിയില്ലാത്ത നാച്യറലായ ഭാവങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് വിക്രാന്ത് മാസിയുടെ കഥാപാത്രങ്ങള്‍. മിര്‍സാപൂരിലെ വിക്രാന്ത് മാസിയെ ആരും മറക്കാനിടയില്ല. തന്റെ 37ാം വയസില്‍ സിനിമ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെ ആരാധകര്‍ നിരാശയിലാണ്.

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ മുന്നോട്ട് പോകുമ്പോള്‍, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസിലാക്കുന്നു. ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍. ഒപ്പം ഒരു നടന്‍ എന്ന നിലയിലും.” ”അതിനാല്‍, 2025ല്‍ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന രണ്ട് സിനിമകളും ഒരുപാട് വര്‍ഷത്തെ ഓര്‍മ്മകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു” എന്നാണ് വിക്രാന്ത് മാസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. സിനിമാ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടന്‍ ഇപ്പോള്‍ കടന്നുപോകുന്നത്.

ട്വല്‍ത്ത് ഫെയ്ല്‍, നെറ്റ്ഫ്ലിക്സ് ചിത്രം സെക്ടര്‍ 36, ഈ അടുത്ത് റിലീസ് ചെയ്ത സബര്‍മതി എക്സ്പ്രസ് എന്നീ സിനിമകള്‍ വലിയ വിജയം കൈവരിച്ചിരുന്നു. തിരഞ്ഞെടുക്കുന്ന പ്രമേയങ്ങള്‍ കൊണ്ടും അഭിനയത്തിലെ പൂര്‍ണത കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്ത താരത്തിന് വെറും 37 വയസ്സ് മാത്രമാണ് പ്രായം. ധൂം മച്ചാവോ ധൂം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് നടന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ധരം വീര്‍, ബാലിക വധു തുടങ്ങിയ ഷോകളിലൂടെ ഹിന്ദി മേഖലയില്‍ പ്രശസ്തനായ സീരിയല്‍ താരമായി മാറി. ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )