കുരുക്ക് മുറുകുന്നു: രേണുകസ്വാമിയെ ദര്‍ശന് അടുത്തേക്ക് എത്തിച്ച ടാക്‌സി ഡ്രൈവര്‍ കീഴടങ്ങി
ബെംഗളൂരു: കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ ഉള്‍പ്പെട്ട കൊലക്കേസില്‍ പുതിയ വഴിത്തിരിവ്. കൊല്ലപ്പെട്ട രേണുകസ്വാമിയെ (33) ദര്‍ശന് അടുത്തേക്ക് എത്തിച്ച ടാക്‌സി ഡ്രൈവര്‍ കീഴടങ്ങി. രവി എന്നയാളാണ് ചിത്രദുര്‍ഗ ഡിവൈഎസ്പി ഓഫിസിലെത്തി കീഴടങ്ങിയത്. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്ന് ബെംഗളൂരുവിലേക്ക് രേണുകസ്വാമിയെ എത്തിച്ച ടാക്‌സിയുടെ ഡ്രൈവറായിരുന്നു ഇദ്ദേഹം. ടാക്‌സി അസോസിയേഷന്റെ ഇടപെടലിന് പിന്നാലെയാണ് ഒളിവില്‍ പോയ രവി കീഴടങ്ങിയത്.
കൊലക്കേസുമായി ബന്ധപ്പെട്ട് ദര്‍ശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും മറ്റ് 11 പേരും നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരില്‍ രഘുവും (രാഘവേന്ദ്ര) മറ്റുള്ളവരും ചേര്‍ന്നാണ് ചിത്രദുര്‍ഗയില്‍നിന്ന് രവിയുടെ ടാക്‌സിയില്‍ ബെംഗളൂരൂവിലേക്കു തിരിച്ചത്. പിന്നാലെ ഒളിവില്‍പ്പോയ രവി ചിത്രദുര്‍ഗയിലെ ടാക്‌സി അസോസിയേഷനുമായി ബന്ധപ്പെട്ടു. ഇവരാണ് പൊലീസില്‍ കീഴടങ്ങാന്‍ രവിയോട് ആവശ്യപ്പെട്ടത്.
ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായിരുന്നു രേണുകസ്വാമി. രേണുകസ്വാമിയെ പിന്നീട് കാമാക്ഷിപാളയത്തെ ഒരു ഷെഡിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ ദര്‍ശന്‍ ബെല്‍റ്റ് ഉപയോഗിച്ച് രേണുകസ്വാമിയെ അടിച്ചു. ബോധരഹിതനായപ്പോള്‍ സംഘത്തിലുള്ളവര്‍ വടി കൊണ്ട് അടിച്ചു. പിന്നീട് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ആഘാതത്തില്‍ രേണുകസ്വാമിയുടെ എല്ലുകള്‍ ഒടിഞ്ഞു. പിന്നീട് മൃതദേഹം ഓടയില്‍ തള്ളി. ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന യുവാവാണ് നായ്ക്കള്‍ ഭക്ഷിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ദര്‍ശന്റെ കടുത്ത ആരാധകനായ ഇയാള്‍ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിര്‍ത്തിരുന്നു.