സുരേഷ് ഗോപി ദുരന്തഭൂമിയിൽ; ദുരന്ത വ്യാപ്തിയുടെ വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കും

സുരേഷ് ഗോപി ദുരന്തഭൂമിയിൽ; ദുരന്ത വ്യാപ്തിയുടെ വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കും

കല്‍പ്പറ്റ: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണിപ്പോള്‍. ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു.

ദുരന്ത വ്യാപ്തി കണ്ടറിഞ്ഞ് എല്ലാ വിവരങ്ങളും കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരന്തം സംഭവിച്ച് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി വയനാട് സന്ദര്‍ശിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയോട് വിശദീകരിച്ചു.

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ വിവരം അറിഞ്ഞയുടൻ തന്നെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ദുരന്ത സ്ഥലത്ത് എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങൾക്ക് ഏകോപനം നല്‍കുകയും ചെയ്തിരുന്നു. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ജോർജ് കുര്യൻ വ്യക്തമാക്കിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )