പൊലീസ് എന്തുചെയ്യുകയായിരുന്നു; മമത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി കാർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനും സംസ്ഥാന സർക്കാരിനും എതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. അതേസമയം സംഭവത്തിൽ പൊലീസ് എന്തുചെയ്യുകായിരുന്നുവെന്ന് കോടതി ചോദിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് സമയബന്ധിതമായ നടപടി ഉണ്ടായില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം ബംഗാൾ സർക്കാരിനെയും കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കൊലപാതകം നടന്ന കൊൽക്കത്തയിലെ ആശുപത്രിയിൽ അക്രമികൾ അഴിഞ്ഞാടുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കൊലപാതകം ആത്മഹത്യയായി വരുത്തി തീർക്കാൻ വരെ ശ്രമമുണ്ടായി. അതേസമയം പൊലീസ് എന്തുചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു.
നമ്മുടെ രാജ്യത്തുടനീളം ആശുപത്രികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു ടാസ്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. അതിൽ ജൂനിയർ ഡോക്ടർമാരുടെയും വനിതാ ഡോക്ടർമാരുടെയും അടക്കം നിർദേശങ്ങൾ ടാസ്ക് ഫോഴ്സ് പഠിക്കണമെന്നും കോടതി അറിയിച്ചു. അതേസമയം ഇനിയും ഇത്തരം പീഡനങ്ങൾ നടക്കാൻ കാത്തിരിക്കരുതെന്നും സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെ കുറിച്ച് ടാസ്ക് ഫോഴ്സ് നിർദേശം സമർപ്പിക്കണമെന്നും കോടതി അറിയിച്ചു.