തൃശൂര്‍ പൂരത്തിനടക്കം ആനയിറങ്ങുമോ? കേരള ഹൈക്കോടതി ഉത്തരവിനെ ശകാരിച്ച് സുപ്രീം കോടതി; സ്റ്റേ പുറപ്പെടുവിച്ചു
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സുപ്രീംകോടതിയുടെ സ്റ്റേ. 2012ലെ ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കേണ്ടത്. ശൂന്യതയില്‍ നിന്ന് ഉത്തരവിറക്കാനാകില്ലെന്നും, ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പുറത്തിറക്കിയ മാര്‍ദനിര്‍ദേശങ്ങളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ആന ഒരു ജീവിയാണ്. മൂന്ന് മീറ്റര്‍ അകലം പാലിച്ച് ആനകളെ എങ്ങനെ നിര്‍ത്താന്‍ കഴിയുമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. പകല്‍ ഒന്‍പത് മുതല്‍ അഞ്ചുമണിവരെ എഴുന്നള്ളിപ്പ് പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.
250 വര്‍ഷത്തോളമായുള്ള ഉത്സവമാണ് ത്യശൂര്‍ പൂരം. ഹൈക്കോടതി ഉത്തരവ് പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന് ദേവസ്വങ്ങള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ചടങ്ങുകള്‍ കൂടുതലും നടക്കുന്നത് ഈ സമയത്താണ്. അങ്ങനെ വരുമ്പോള്‍ ഇത് എങ്ങനെ പ്രായോഗികമാകുമെന്നും സുപ്രീം കോടതി ചോദിച്ചു.
ഉത്സവത്തിന് ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സ്വദേശികളും വിദേശികളുമായി 5 ലക്ഷത്തിലധികം പേര്‍ വരുന്ന പൂരമാണ്. അധികാര പരിധിയും കടന്ന് ഹൈക്കോടതി പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂരം നടത്തുന്ന മേഖലയിലെ സ്ഥലപരിമിതി പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ഹൈക്കോടതി നിലപാടെടുത്തുവെന്ന് ഹര്‍ജിയില്‍ പറയുന്നു.