ഡോ.വന്ദന ദാസ് കൊലപാതകം. പ്രതിയുടെ മാനസികനില പരിശോധിക്കണം; സംസ്ഥാനം സുപ്രീം കോടതിയില്‍

ഡോ.വന്ദന ദാസ് കൊലപാതകം. പ്രതിയുടെ മാനസികനില പരിശോധിക്കണം; സംസ്ഥാനം സുപ്രീം കോടതിയില്‍

ഡൽഹി: ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ പറഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്ന് സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ പി.വി സുരേന്ദ്രനാഥ്, ഹർഷദ് വി ഹമീദ് എന്നിവർ കോടതിയെ അറിയിച്ചു.

പ്രതിയുടെ മാനസികനില സംബന്ധിച്ച് റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ ബെഞ്ച് നിർദ്ദേശിച്ചു. ഈ സാഹചര്യത്തിൽ ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജി തീർപ്പാക്കുന്നതുവരെ കേസിലെ വിചാരണ നടപടികൾ നിർത്തിവെച്ചിരിക്കുകയാണെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.

സന്ദീപ് സമർപ്പിച്ച ഹർജിയുടെ പകർപ്പ് സംസ്ഥാനത്തിന് എത്രയും വേഗം കൈമാറാൻ കോടതി നിർദ്ദേശം നൽകി. കേസ് ഡിസംബർ 13ന് വീണ്ടും പരിഗണിക്കും. പ്രതി സന്ദീപിനായി അഭിഭാഷകരായ സച്ചിൻ പൊഹ്വാ, ആർ പി ഗോയൽ, ആർ. വി. ഗ്രാലൻ എന്നിവർ ഹാജരായി.

കോട്ടയം കടുത്തുരുത്തി മുട്ടുചിറ സ്വദേശിനി ഡോ.വന്ദന ദാസിനെ 2023 മെയ് 10ന് ചികിത്സയ്ക്ക് എത്തിയ പ്രതി കുത്തിക്കൊല്ലുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അപ്രതീക്ഷിതമായി വന്ദന ദാസിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വന്ദന ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )