ശ്രുതിയെ തനിച്ചാക്കില്ല; സർക്കാർ ജോലി ഉറപ്പാക്കും: മന്ത്രി കെ രാജൻ

ശ്രുതിയെ തനിച്ചാക്കില്ല; സർക്കാർ ജോലി ഉറപ്പാക്കും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: ശ്രുതിയെ തനിച്ചാക്കില്ലെന്നും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി കെ രാജന്‍. ശ്രുതിയെ ഒരിക്കലും തനിച്ചാക്കില്ല. ശ്രുതിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ പ്രതിശ്രുത വരന്‍ ജെന്‍സന്റെ വേര്‍പാടിന് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം. ഇന്നലെ കല്‍പ്പറ്റയിലെ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തില്‍ ജെന്‍സനും ശ്രുതിയും ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു.

അകത്ത് കുടുങ്ങിയവരെ വാനിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ജെന്‍സന്റെ തലയ്ക്ക് പുറത്തും ഉള്‍പ്പടെ രക്തസ്രാവമുണ്ടായത് നില ഗുരുതരമാക്കി. മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു ജെന്‍സന്റെ മരണം.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലിനോക്കുകയായിരുന്നു ശ്രുതി. ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, സഹോദരി ശ്രേയ, അമ്മമ്മ അടക്കമുള്ളവരെ നഷ്ടപ്പെട്ടിരുന്നു. കോഴിക്കോടായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രിയപ്പെട്ടവരെ വിയോഗത്തില്‍ തളര്‍ന്ന ശ്രുതിക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ ജെന്‍സനായിരുന്നു.

വിവാഹം ഡിസംബറില്‍ നടത്താന്‍ കുടംബം തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ശ്രുതിക്ക് കുടുംബത്തെ നഷ്ടപ്പെട്ടത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ലളിതമായി വിവാഹം നടത്താനിരിക്കെയാണ് ജെന്‍സനും മരണത്തിന് കീഴടങ്ങിയത്. കാലിന് പരിക്കേറ്റ ശ്രുതി ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ തുടരുകയാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )