സംഗതി സീനാണ് മച്ചാനെ…ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു, പിന്നാലെ ജാമ്യം

സംഗതി സീനാണ് മച്ചാനെ…ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു, പിന്നാലെ ജാമ്യം

കൊച്ചി: വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. കൊച്ചിയില്‍ കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. സെപ്റ്റംബര്‍ എട്ടിന് തെറ്റായ ദിശയിലൂടെയെത്തിയ ഭാസിയുടെ കാര്‍ പരാതിക്കാരന്റെ സ്‌കൂട്ടറിലിടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. സംഭവത്തില്‍ നടനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെയും ആരോപണങ്ങള്‍ കടുത്തിരുന്നു. കേസില്‍ അറസ്റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിക്കുമെന്ന് അന്വേഷണം സംഘം പറഞ്ഞിരുന്നു. എന്നാല്‍ ശ്രീനാഥ് ഭാസിക്കെതിരെയും പ്രയാഗ മാര്‍ട്ടിനും എതിരെ ഇത് വരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പിന്നീട് അറിയിച്ചിരുന്നു, മറ്റു സിനിമാ താരങ്ങള്‍ ആരും വന്നതായി കണ്ടെത്തിയിട്ടില്ല. ടെലിവിഷന്‍ മേഖലയിലെ ആര്‍ട്ടിസ്റ്റായ ഒരാള്‍ ഹോട്ടലില്‍ എത്തിയിരുന്നു. ലഹരി പാര്‍ട്ടിക്ക് വന്നതായി ഇത് വരെ സൂചനയില്ല. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ചത് എളമക്കര സ്വദേശിയായ ബിനു ജോസഫാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും മരട് പൊലീസ് ചോദ്യം ചെയ്തത്. ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ശ്രീനാഥിന്റെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ശ്രീനാഥ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഓം പ്രകാശിന്റെ അറസ്റ്റിന് പിന്നാലെയാണ് ലഹരിക്കേസില്‍ അന്വേഷണം ശ്രീനാഥ് ഭാസിയിലേക്കും പ്രയാഗയിലേക്കും നീണ്ടത്. ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ ഇരുവരും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് പുറമേ ഇരുപതോളം പേരാണ് ഈ മുറിയില്‍ എത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )