ബൈക്കിൽ സുരക്ഷാ ബെൽറ്റ്, കാറിൽ പ്രത്യേക സീറ്റ്; സുരക്ഷക്കായുള്ള പുതിയ നിർദേശങ്ങൾ
വാഹനയാത്രകളിൽ കുട്ടികളുടെ സുരക്ഷയെ പറ്റി ഏറെ വ്യാകുലപ്പെടുന്നവരാണ് നമ്മൾ. വാഹനയാത്രയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ നിർദേശങ്ങള്‍ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
നാല് വയസുവരെയുള്ള കുട്ടികൾക്കായി പിൻ സീറ്റിൽ പ്രത്യേക സീറ്റ് ഒരുക്കണമെന്നതിനൊപ്പം നാലു മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനയാത്രയ്ക്ക് ഹെൽമറ്റും നിർബന്ധമാക്കുകയാണ്. ഘട്ടംഘട്ടമായി ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം.
ഒക്‌ടോബറില്‍ സമൂഹമാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തി നവംബറില്‍ മുന്നറിയിപ്പും നൽകിയശേഷം ഡിസംബര്‍ മുതല്‍ പിഴയോടെയായിരിക്കും നിയമം നടപ്പിലാക്കുക. അതേസമയം, ടാക്സികളിൽ കുട്ടികളുടെ സീറ്റ് നിർബന്ധമാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധമുട്ടും നിലനില്‍ക്കുന്നുണ്ട്. രണ്ടു കുട്ടികളിലധികമുണ്ടെങ്കിൽ ഒരു കുടുബംത്തിൻെറ കാർ യാത്ര എങ്ങനെയെന്ന ചോദ്യവും ബാക്കിയാണ്.
വാഹനഉടമകള്‍ സീറ്റുകള്‍ വാങ്ങി തുടങ്ങുമ്പോള്‍ മാർക്കറ്റിൽ സീറ്റുകളെത്തി തുടങ്ങുമെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. എന്തായാലും പുതിയ തീരുമാനവുമായി മുന്നോട്ടെന്നാണ് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു വ്യക്തമാക്കുന്നത്.