മാന്നാർ കല കൊലപാതകക്കേസ്; അയൽവാസി സോമന്റെ മൊഴി നിർണായകം

മാന്നാർ കല കൊലപാതകക്കേസ്; അയൽവാസി സോമന്റെ മൊഴി നിർണായകം

ആലപ്പുഴ: മാന്നാർ കല കൊലപാതകക്കേസിൽ മുഖ്യപ്രതി അനിലിന്റെ അയൽവാസി സോമന്റെ മൊഴി നിർണായകം. പ്രതികൾക്കെതിരെയുള്ള ശക്തമായ തെളിവാണു സോമന്റെ മൊഴിയെന്നാണു വിലയിരുത്തൽ. ‘‘വെള്ള നിറത്തിലുള്ള കാർ, അതിനു പിന്നിലെ സീറ്റിൽ ചാരിക്കിടത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം. കാറിലുണ്ടായിരുന്നവർ ക്രിമിനൽ സ്വഭാവമുള്ളവരായതിനാൽ പേടിച്ച് ആരോടും പറഞ്ഞില്ല’’എന്നാണ് സോമന്റെ മൊഴി. ചെന്നിത്തല ഐക്കര ജം‌ക്‌ഷനിലാണു സോമന്റെ ചായക്കട. രാത്രി പാൽവണ്ടി വരുന്നതിനാൽ ചായക്കട തുറന്നുവച്ചിരുന്ന സോമനോടാണ് മൃതദേഹം മറവു ചെയ്യാൻ പ്രതികൾ സഹായം തേടിയത്. സഹായം നിരസിച്ച സോമൻ കട അടച്ച് വീട്ടിലേക്ക് പോയി. ഇക്കാര്യം ആരോടും പറഞ്ഞില്ല.

കലയുടേത് കൊലപാതകമാണെന്നു സൂചന ലഭിച്ചതിനെ തുടർന്ന് ഭർത്താവ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പൊലീസ് പരിശോധിച്ച ദിവസം സോമന്റെ മൊഴി രേഖപ്പെടുത്തി. കണ്ട കാര്യങ്ങൾ സോമൻ പൊലീസിനോടു വെളിപ്പെടുത്തി. കലയെ കാണാതായി 15 വർഷങ്ങൾക്കുശേഷമാണ് സോമൻ പൊലീസിനോട് എല്ലാം തുറന്നു പറഞ്ഞത്. പ്രതികൾ തന്റെ സഹായം തേടിയ രാത്രിയിൽ കലയുടെ മൃതദേഹമുള്ള കാറിൽ അനിൽ ഉൾപ്പെടെയുള്ള പ്രതികൾ ഉണ്ടായിരുന്നതായി സോമൻ പൊലീസിനോട് പറഞ്ഞു. കേസിൽ സാക്ഷിയാക്കിയ കെ.വി.സുരേഷ്കുമാർ കാറിൽ നിന്നിറങ്ങി കടയിലേക്കു വന്നു സോമനോട് സഹായം ആവശ്യപ്പെട്ടു.

കാറിനടുത്തേക്ക് ചെന്നപ്പോൾ പുറകിലെ സീറ്റിൽ സ്ത്രീയുടെ മൃതദേഹം കണ്ടു. രണ്ട് പുരുഷൻമാർക്കിടയിലായിരുന്നു മൃതദേഹം. കാറിനുള്ളിൽ പിക്കാസ്, കയർ, മൺവെട്ടി എന്നിവയുണ്ടായിരുന്നു. മൃതദേഹം മറവു ചെയ്യാൻ സഹായിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഭയന്നുപോയ സോമൻ കടയിലേക്ക് മടങ്ങി. വേഗം കട അടച്ചശേഷം വീട്ടിലേക്ക് പോയി. കാറിലുണ്ടായിരുന്നവരുടെ വിവരങ്ങളും സോമൻ പൊലീസിനോട് പറഞ്ഞു.

ഊമക്കത്ത് ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കലയുടെ തിരോധാനം കൊലപാതകമാണെന്നതിനു സൂചനകൾ ലഭിച്ചത്. കല കൊല്ലപ്പെട്ട കേസിൽ റിമാൻഡിലുള്ള 3 പ്രതികളുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഇവരെ വീണ്ടും കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ ആവശ്യപ്പെടും. പ്രതികളായ ഇരമത്തൂർ ജിനു ഭവനത്തിൽ ജിനു ഗോപി (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരാണു റിമാൻഡിൽ കഴിയുന്നത്. കലയുടെ ഭർത്താവും മുഖ്യപ്രതിയുമായ അനിൽ ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ഒന്നാം പ്രതിയായ അനിലിനെ ഇസ്രയേലിൽനിന്ന് തിരികെ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. കല കുട്ടികളെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നു പ്രചരിപ്പിച്ചതിനാൽ ബന്ധുക്കളും കാര്യമായി അന്വേഷിച്ചില്ല.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )