മലയാള സിനിമയില്‍ തന്റെ പാട്ടുപയോഗിച്ചത് അനുവാദം ചോദിക്കാതെ;’അഴകിയ ലൈല’ എന്ന പാട്ടുമായി ബന്ധപ്പെട്ട് ആരോപണവുമായി സംഗീത സംവിധായകന്‍ സിര്‍പ്പി
തിയേറ്ററില്‍ മികച്ച നേട്ടം സ്വന്തമാക്കിയതിന് ശേഷം ഒടിടിയില്‍ മികച്ച രീതിയില്‍ തന്നെ പ്രദര്‍ശനം തുടരുകയാണ് വിപിന്‍ ദാസ് സംവിധാനത്തിലൊരുങ്ങിയ ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്‌സ് ഓഫീസിലും കളക്ഷനില്‍ മുന്നിട്ടു നിന്നിരുന്നു. ഇപ്പോഴിതാ സിനിമയക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ സിര്‍പ്പി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ‘അഴകിയ ലൈല’ എന്ന പാട്ടുമായി ബന്ധപ്പെട്ടാണ് ആരോപണം.
‘ഉള്ളത്തൈ അള്ളിത്താ’ എന്ന തമിഴ് ചിത്രത്തിന് വേണ്ടി സിര്‍പ്പി ഒരുക്കിയ അഴകിയ ലൈല എന്ന ഗാനം ഹിറ്റായിരുന്നു. പാട്ടിന്റെ അവകാശം നിര്‍മ്മാതാക്കള്‍ വാങ്ങിയിട്ടുണ്ടെങ്കിലും, ഒരു മലയാള സിനിമയില്‍ തന്റെ ഗാനം ഉപയോഗിക്കുന്നുവെന്നും താന്‍ അറിഞ്ഞില്ലെന്നും ആരും അറിയിച്ചില്ലെന്നുമാണ് സിര്‍പ്പി തന്റെ അഭിമുഖത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്. സംഭവം തന്നെ വിഷമിപ്പിച്ചുവെന്നും, എന്നുകരുതി സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും സിര്‍പ്പി പറഞ്ഞു. കുറഞ്ഞത് സംഗീത സംവിധായകന്റെ പേര് ക്രഡിറ്റ്‌സിലെങ്കിലും കൊടുക്കണം. സിനിമ ഇതുവരെ കണ്ടിട്ടില്ല, പക്ഷെ തന്റെ പേര് ക്രഡിറ്റ്‌സില്‍ ചേര്‍ക്കാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുന്നതായിരിക്കുമെന്നും സിര്‍പ്പി വ്യക്തമാക്കി.