ഉരുള്‍പൊട്ടലില്‍ ഉറ്റവരും പിന്നീട് ജെന്‍സനും പോയി…തളരാന്‍ ശ്രുതി തയ്യാറല്ല; ശ്രുതി ഇനി സര്‍ക്കാര്‍ ജീവനക്കാരി
വയനാട് ദുരന്തത്തില്‍ ഉറ്റവരും ഉടയവരും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി. റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. നിയമനം നല്‍കാന്‍ സര്‍ക്കാര്‍ കളക്ടറെ ചുമതലപ്പെടുത്തി. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒന്‍പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍ നിന്നും ഒഴിവായിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് ശ്രുതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഉരുള്‍പ്പൊട്ടലുണ്ടായത്.
അതിനിടെ ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ശ്രുതിക്ക് അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ടു. ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു. സെപ്റ്റംബര്‍ പത്തിന് കല്‍പറ്റയിലെ വെള്ളാരംകുന്നില്‍വെച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ജെന്‍സന്‍ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ ശ്രുതിക്കും പരിക്കേറ്റിരുന്നു. അതേസമയം ഒന്നിനും പകരമാവില്ലെങ്കിലും ജോലി കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ശ്രുതി പറഞ്ഞു. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ശ്രുതി പറഞ്ഞു.