ആശുപത്രിയിലായത് എഴുപത്തി രണ്ടോളം വിദ്യാര്‍ത്ഥികള്‍…കെഎംഎം കോളേജില്‍ പ്രതിഷേധം. പൊലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: കൊച്ചിയിലെ എന്‍സിസി ക്യാമ്പിലെ ഭക്ഷ്യ വിഷബാധയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃക്കാക്കര കെ എം എം കോളേജില്‍ എന്‍ സി സി ക്യാമ്പില്‍ പങ്കെടുത്ത എഴുപത്തിരണ്ടോളം വിദ്യാര്‍ത്ഥികളെ ഭക്ഷ്യ വിഷബാധയെറ്റതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിഷേധവുമായെത്തിയ രക്ഷിതാക്കള്‍ രാത്രി വൈകിയും എന്‍സിസി ക്യാമ്പ് നടക്കുന്ന കെഎംഎം കോളേജിന്റെ മുന്നില്‍ തുടര്‍ന്നിരുന്നു. ക്യാമ്പിലെ വെള്ളവും ഭക്ഷണവും കഴിച്ചാണ് ഭക്ഷ്യ വിഷബാധ ഏറ്റത് എന്നാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പറയുന്നത്. രണ്ട് ദിവസം മുതലേ പല കുട്ടികള്‍ക്കും ശരിരിക ബുദ്ധിമുട്ടുകള്‍ അനുഭവപെട്ടു. ഇന്നലെ വൈകീട്ടോടെ കൂടുതല്‍ പേര് ക്ഷീണിതരായി തളര്ന്നുവിണു. കൂടുതല്‍ പേര്‍ക്കും കഠിനമായ വയറുവേദനയും. ചിലര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. ക്യാമ്പില്‍ നിന്നും കൊടുത്ത ഭക്ഷണം നിലവാരം ഇല്ലാത്തതാണ് എന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്.
600 ഓളം കുട്ടികളാണ് എന്‍സിസി ക്യാമ്പില്‍ പങ്കെടുത്തത്. കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ അത്യാഹിത വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്പ് നിര്‍ത്താന്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ എത്തി കുട്ടികളെ വീട്ടിലേക്ക് കൊണ്ടു പോയി. എന്നാല്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചെന്നും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരാതി അറിയിച്ചിരുന്നു. ക്യാംപിനോട് താത്പര്യകുറവുള്ള ഒരു വിഭാഗം കുട്ടികള്‍ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്നമെന്നാണ് മറുഭാഗത്തിന്റെ ആരോപണം. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
ഭക്ഷ്യവിഷബാധയെന്ന സംശയത്തില്‍ മാതാപിതാക്കളും നാട്ടുകാരും കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു. എന്‍സിസിയിലെ അധ്യാപകരില്‍ നിന്ന് മര്‍ദനം നേരിട്ടതായി ഒരു വിഭാഗം കുട്ടികളും ആരോപിച്ചു. സംഭവത്തില്‍ ഇടപെടാനെത്തിയ എസ്എഫ്ഐ നേതാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമുണ്ടായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഭാഗ്യലക്ഷ്മി പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന മുറികളിലേക്ക് കയറിച്ചെന്ന് ലൈംഗിക ചുവയോടെ സംസാരിച്ചതായി വിദ്യാര്‍ത്ഥിനികളും ആരോപിച്ചു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളും എസ്എഫ്ഐ നേതാക്കളും തമ്മില്‍ തര്‍ക്കമായി.