അർജുനായി തിരച്ചിൽ ഊർജിതം; ലോറി പുഴയിൽ വീണിട്ടില്ല

അർജുനായി തിരച്ചിൽ ഊർജിതം; ലോറി പുഴയിൽ വീണിട്ടില്ല

കര്‍ണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. ലോറി അകപ്പെട്ട സ്ഥലം കണ്ടെത്തി. നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. മണ്ണിനടിയിൽ ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ മെറ്റല്‍ ഡിറ്റക്ടറുകള്‍ എത്തിച്ച് പരിശോധന നടത്തും. മെറ്റൽ ഡിറ്റക്ടറുകൾ ചിത്രദുർഗയിൽ നിന്നും മംഗളുരുവിൽ നിന്നും കൊണ്ട് വരും.

നേവിയും എൻഡിആർഎഫും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നാവിക സേനയുടെ എട്ട് അംഗ സംഘമാണ് തിരച്ചിലിന് എത്തിയത്. ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്. നേവി ഡൈവര്‍മാര്‍ക്ക് പുറമെ 100 അംഗം എന്‍ഡിആര്‍എഫ് സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരിക്കുന്നത്. എഡിജിപി ആര്‍ സുരേന്ദ്രയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

ജൂലൈ 16 ന് രാവിലെയാണ് കൂറ്റൻ മണ്ണിടിച്ചിൽ പ്രദേശത്തെ വിഴുങ്ങിയത്. ജിപിഎസ് ലൊക്കേഷന്‍ വഴി പരിശോധിക്കുമ്പോള്‍ മരം കയറ്റിവന്ന ലോറി കഴിഞ്ഞ നാലു ദിവസമായി മണ്ണിനടിയിലാണ്. തുടർച്ചയായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. അര്‍ജുന്റെ ഫോണ്‍ ഇന്നലെയും ഇന്നും ബെല്ലടിച്ചിരുന്നതായി കുടുംബം പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )