അര്‍ജുന്‍ മിഷന്‍; ഗംഗാവലി പുഴയിലെ തെരച്ചില്‍ തുടങ്ങി
ബെംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ ഗംഗാവലി പുഴയില്‍ തുടങ്ങി. അര്‍ജുന്‍ ഓടിച്ച ലോറിയുടെ കയര്‍ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാണ് തെരച്ചില്‍. നേരത്തെ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ സംഘം പുഴയിലിറങ്ങിയെങ്കിലും തിരിച്ചു കയറിയിരുന്നു. പുഴയില്‍ കലക്കം കൂടുതലാണെന്ന് നാവികസേന വിശദീകരിച്ചു. ഇപ്പോള്‍ വീണ്ടും നാവികസേന പുഴയില്‍ ഇറങ്ങിയിട്ടുണ്ട്. ഈശ്വര്‍ മല്‍പേയും തെരച്ചിലിനിറങ്ങും.
കലക്കവെള്ളം വെല്ലുവിളിയാണ്. എന്നാല്‍ കലക്കവെള്ളത്തിലും തെരച്ചില്‍ നടത്തി പരിചയമുള്ളവരാണ് ഒപ്പം ഉള്ളത്. അതുകൊണ്ടുതന്നെ വെള്ളത്തിനടിയില്‍ ഇറങ്ങി പരിശോധനകള്‍ തുടരുമെന്നും ഈശ്വര്‍ മാല്‍പേ പറഞ്ഞു. അര്‍ജുന്റെ ലോറിയുടെ കയര്‍ കണ്ടെത്തിയ മരക്കുറ്റി നീക്കം ചെയ്യുകയാണ് ആദ്യശ്രമം. വൈകുന്നേരം വരെ തെരച്ചില്‍ തുടരും. 11മണിയോടെ ക്രെയിന്‍ എത്തും. പുഴയുടെ അടിയില്‍ കിടക്കുന്ന മരക്കുറ്റിയില്‍ കൊളുത്തി വലിച്ച് പുറത്തെത്തിക്കാനാണ് ശ്രമമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. തിങ്കളാഴ്ച ഡ്രെഡ്ജര്‍ എത്തുന്ന വരെ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരും.